jpg 20230127 121852 0000

നിങ്ങൾ ക്ഷമയോടെ പ്രവർത്തിച്ചാൽ തീർച്ചയായും വിജയം ലഭിക്കും, എന്ന് മാത്രമല്ല ആ വിജയവും ബഹുമാനിക്കപ്പെടും. ഈ വാക്കുകൾ, ഇന്നലെ പത്മശ്രീ ലഭിച്ച 77കാരനായ ഡോ. മുനിശ്വർ ചന്ദർ ദവാറുടേതാണ്.

വെറും 20 രൂപ മാത്രം കൺസൾട്ടിങ് ഫീസ് വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോക്‌ടർക്ക് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചതിൽ അദ്ദേഹത്തെ അറിയുന്ന ആർക്കും അത്ഭുതമില്ല. ഡോ. മുനിശ്വർ ചന്ദർ ദവാർ ദിവസവും 200ഓളം രോഗികളെ ചികിത്സിക്കുകയും അവരിൽ നിന്ന് ഫീസായി 20 രൂപ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

1946 ജനുവരി 16ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഡോ. ദാവർ ജനിച്ചത്. വിഭജനത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967ൽ അദ്ദേഹം ജബൽപൂരിൽ നിന്ന് എംബിബിഎസ് (ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി) പൂർത്തിയാക്കി.

1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് അദ്ദേഹം ഒരു വർഷത്തോളം ഇന്ത്യൻ സൈന്യത്തിലും സേവനം അനുഷ്‌ഠിച്ചു. അതിനുശേഷം 1972 മുതൽ കഴിഞ്ഞ അൻപത് വർഷത്തിൽ അധികമായി അദ്ദേഹം ജബൽപൂരിലെ ആളുകൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകി വരികയാണ്. 2 രൂപയ്ക്ക് ആളുകളെ ചികിത്സിക്കാൻ തുടങ്ങി അദ്ദേഹം നിലവിൽ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്.

“ഇത്രയും കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വീട്ടിൽ തീർച്ചയായും ചർച്ച നടന്നിരുന്നുവെങ്കിലും അതിൽ തർക്കമുണ്ടായില്ല. ജനസേവനം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അതുകൊണ്ടാണ് ഫീസ് വർധിപ്പിക്കാതിരുന്നത്. നിങ്ങൾ ക്ഷമയോടെ പ്രവർത്തിച്ചാൽ തീർച്ചയായും വിജയം ലഭിക്കും, എന്ന് മാത്രമല്ല ആ വിജയവും ബഹുമാനിക്കപ്പെടും എന്നതാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം” എന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് ഡോ. മുനിശ്വർ ചന്ദർ ദവാർ പറഞ്ഞു.

“കഠിനാധ്വാനം ചിലപ്പോൾ വൈകിയാലും ഫലം കാണും. അതിന്റെ ഫലമാണ് എനിക്ക് ഈ അവാർഡ് ലഭിച്ചത്, ജനങ്ങളുടെ അനുഗ്രഹം.” പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം, ഡോ. ദാവർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *