വിപണിയില്‍ വന്‍തരംഗം സൃഷ്ടിച്ച് ഗ്രാന്‍ഡ് വിറ്റാര. സെപ്റ്റംബറില്‍ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഡിസംബര്‍ ആദ്യം വരെ 88,000 ബുക്കിങ് ലഭിച്ചു. അതില്‍ 55000 എണ്ണം ഇനിയും വിതരണം ചെയ്യാനുണ്ടെന്നും മാരുതി. വാഹനം ബുക്ക് ചെയ്ത് 2 മുതല്‍ 4 മാസം വരെ കാത്തിരിക്കണമെന്നും മാരുതി പറയുന്നു. നേരത്തെ വിതരണം ആരംഭിച്ച് വെറും ആറു ദിവസത്തിനുള്ളില്‍ 4769 യൂണിറ്റ് ഗ്രാന്‍ഡ് വിറ്റാര വിതരണം ചെയ്ത് മാരുതി റെക്കോര്‍ഡിട്ടിരുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.45 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയാണ്. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്‌ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്.