ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന് വന്‍വീഴ്ച. ഹാരിസണിന്റെ വൈകശമുളള 45435 ഏക്കറിന് ഇനിയും സര്‍ക്കാര്‍ ഉടമസ്ഥാവകാശ വാദം ഉന്നയിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരിന് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഉടമസ്ഥാവകാശം തെളിയിക്കാനായി കേസ് ഫയല്‍ ചെയ്യാന്‍ 2019 ജൂണ്‍ ആറിന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മൂന്നര വര്‍ഷം കഴിഞ്ഞിട്ടും നാലു ജില്ലകള്‍ മാത്രമാണ് കോടതിയെ സമീപിച്ചത്. കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാരാണ് കേസ് ഫയല്‍ ചെയ്തത്. വയനാട്, എറണാകുളം, കോഴിക്കോട് ജില്ലകള്‍ കോടതിയെ സമീപിച്ചിട്ടില്ല. നാലു ജില്ലകളിലായി 31,334 ഏക്കറിന് എട്ട് കേസുകള്‍ ഫയല്‍ ചെയ്തു. രാജമാണിക്യം കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം 76,769 ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ കൈവശം വച്ചിട്ടുള്ളത്. ഇതില്‍ 45435 ഏക്കറിന് ഇനിയും സര്‍ക്കാര്‍ ഉടമസ്ഥാവകാശ വാദം ഉന്നയിച്ചിട്ടില്ല. ഹാരിസണ്‍ കൈവശം വച്ചിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ റവന്യൂ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നു. ഇതിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കേസ് ഫയല്‍ ചെയ്യാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.