മലയാളത്തിലെ ആദ്യ സിനിമ ‘വിഗതകുമാരനില്‍ നായികയായി അഭിനയിച്ച പി കെ റോസിയുടെ 120-ാം ജന്മദിനമാണ് ഫെബ്രുവരി 10. അത് ഓര്‍ത്തെടുത്ത് ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. ‘വിഗതകുമാരന്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് റോസിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി. വിഗതകുമാരനില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് റോസിക്കും വീട്ടുകാര്‍ക്കും സമൂഹം ഭ്രഷ്ട് കല്പിച്ചു. തമിഴ്നാട്ടിലേക്ക് കടന്ന റോസി നാഗര്‍കോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 1988 ല്‍ ഇവര്‍ മരണപ്പെട്ടുവെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1930 നവംബര്‍ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററിലാണ് റിലീസ് ചെയ്തത്.