ലോകത്ത് ജിമെയില്‍ ഉപയോഗിക്കുന്ന 180 കോടി ആളുകള്‍ക്കും ഗൂഗിള്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ഗൂഗൂഗിളിന്റെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദഗ്ധര്‍ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.