ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന ‘ക്യാപ്ച’ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ചിത്രങ്ങളില്‍നിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താന്‍ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനിമുതല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടി വരും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ക്യുആര്‍ കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടി വരും. ഗൂഗിള്‍ പ്ലേ സര്‍വീസസ് 25.41.30 അല്ലെങ്കില്‍ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധിക്കുക. ലോകമെമ്പാടുമുള്ള 5.3 ദശലക്ഷത്തിലധികം കമ്പനികള്‍ ഗൂഗിള്‍ റീകാപ്ച ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ പൂര്‍ണവിവരങ്ങള്‍ ഗൂഗിളിന് എളുപ്പത്തില്‍ ലഭിക്കാന്‍ ഈ പുതിയ മാറ്റം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
