തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി.
വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കെസി ക്യാമ്പും കടുത്ത അതൃപ്‌തിയിലാണ്.
ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കോൺഗ്രസിൽ സജീവമായ നീക്കങ്ങൾ നടക്കുന്നു. വി.ഡി. സതീശൻ അദ്ദേഹത്തെ ക്ഷണിക്കുമെന്നും, നിലപാടിൽ അയവ് വരുത്തിയ ചെന്നിത്തല മന്ത്രിയാകാൻ സാധ്യതയുണ്ടെന്നുമാണ് സൂചന.
പുതിയ യുഡിഎഫ് മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലഭിക്കുമെന്ന് സൂചന. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്. മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
കോൺഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനോ എൻ ശക്തനോ സ്പീക്കർ ആയേക്കും. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ സാധ്യതയെന്നും വൃത്തങ്ങൾ. നേരത്തെ മന്ത്രിമാർ ആയവരേക്കാൾ പുതുമുഖങ്ങളെ പരിഗണിച്ചേക്കും.
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. വീട്ടിൽ നിന്നിറങ്ങി വന്നാണ് വിഡി സതീശനെ പിണറായി വിജയൻ സ്വീകരിച്ചത്. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശൻ അറിയിച്ചു. ഒരു സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനത്തെ പുതിയ സർക്കാർ അവസാനിപ്പിക്കേണ്ടതില്ലെന്നും സർക്കാർ തുർച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പിന്തുണച്ചത് ആരെയെന്ന് വെളിപ്പെടുത്തി കെ മുരളീധരൻ. വി ഡി സതീശനെയാണ് താൻ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ മുരളീധരൻ പരിഹസിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ 102 സീറ്റ് യുഡിഎഫിന് കിട്ടി. പിണറായി പ്രതിപക്ഷ നേതാവാകുമ്പോൾ അടുത്ത തവണ യുഡിഎഫ് തൂത്തുവാരും. പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു ആ ചർച്ചയിൽ പൂർണ്ണമാകുന്നില്ല വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കേരളം’ എന്ന ഫേസ്ബുക്ക് പേജിലെ വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കുകയായിരുന്നു പോസ്റ്റിന്‍റെ ലക്ഷ്യമെന്ന് പരാതിയിൽ പറയുന്നു.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മെയ് 15 മുതൽ സൗജന്യ യാത്രയെന്ന കെ സി വേണുഗോപാലിൻ്റെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ‘പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം’ എന്ന പ്ലക്കാർഡുകളുമായിട്ടാണ് മഹിള മോർച്ചാ പ്രവർത്തകര്‍ ബസിൽ കയറി പ്രതിഷേധിച്ചത്.
ജി കാർത്തികേയന്‍റെ വീട്ടിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വികാരാധീനനായി. തന്‍റെ കുടുംബമാണ് ഇതെന്നും ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും വി ഡി സതീശൻ ചോദിച്ചു. ജി കാർത്തികേയന്‍റെ വിരൽത്തുമ്പിൽ തൂങ്ങിയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വർധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. സാധാരണക്കാരന് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്ന് സിപിഎമ്മും പിണറായി വിജയനും ആവശ്യപ്പെട്ടു, ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍ . സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശന്‍. പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിജെ കുര്യന്‍. ഹൈ കമാൻഡ് തീരുമാനം അംഗീകരിക്കുന്നു തൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി : കള്ളം പറയുന്നില്ല ഇനി ഒരു പ്രസക്തിയില്ല എല്ലാ കോൺഗ്രസ്സുകാരും അംഗീകരിക്കണം രമേശ് തീരുമാനത്തെ അംഗീകരിക്കുന്നുണ്ട് അതുകൊണ്ടാണ് സതീശനുള്ള പിന്തുണ കത്ത് കൊടുത്തത് എല്ലാവരെയും ചേർത്തു പിടിക്കുന്ന സതീശന്‍റെ നിലപാട് അംഗീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു.
മുസ്ലിംലീഗിന്റെ നാല് മന്ത്രിമാരായി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരെ പരിഗണിക്കുന്നു. അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷമേ തീരുമാനമാകൂ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് മന്ത്രിസ്ഥാനത്തിനായി കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ട്.
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഉന്നതല യോഗം ചേർന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്.
കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്‌തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്.
വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു. സ്വമേധയാ തെറ്റ് ഏറ്റുപറയുന്നവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും, കൂടാതെ മോഷണം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും ഉറപ്പുനൽകുന്നു.
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രൻ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചു. കുടുംബ പ്രശ്നമാണ് കാരണം.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്ത 25 വിദേശ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ വെച്ച് വിരലിലെ മായാത്ത മഷി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ പിടിയിലായത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി, തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവിൽ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടക്കുന്നുന്നാതായും റിപ്പോർട്ട്.
തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതിയിൽ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടിൽ എത്തി. പദ്ധതിയിൽ ചില മാറ്റങ്ങൾ വരുമെന്ന് ഇന്നലെ വിജയ് സർക്കാർ അറിയിച്ചിരുന്നു. 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവരെ വാർദ്ധക്യപെൻഷൻ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നൽകാൻ ആലോചന എന്ന് സൂചന.
ആഗോള പ്രതിസന്ധിക്കിടെ ഇന്ധനവില കൂട്ടിയതിനെ ന്യായീകരിച്ച് ബിജെപി. വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ഇത് സർക്കാരിന്റെ കൊള്ളയാണെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.
ന്യൂസിലാന്‍ഡില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. ചൈനീസ് വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടി സമയമാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടിവരുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. വിസ അപേക്ഷകള്‍ നിരസിക്കുന്നത് കുറഞ്ഞെങ്കിലും, നടപടിക്രമങ്ങളിലെ ഈ കാലതാമസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർത്ഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പുകടിയേറ്റ് മരിച്ചു. കർണാടകയിലെ ദാണ്ഡേലിയിലേക്കുള്ള യാത്രയ്ക്കിടെ ഗോവ-കർണാടക അതിർത്തിയിൽ വെച്ചാണ് അപകടമുണ്ടായത്.
രാജ്യത്ത് ഇന്ധന വില കൂട്ടിയതിനെതിരെ കോൺഗ്രസ്. സർക്കാരിന്റെ വീഴ്ച ജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും 3.04 രൂപ വീതമാണ് കൂട്ടിയത്.
ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ദില്ലി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. യോഗങ്ങൾ ഓൺലൈനാക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പെട്രോൾ ഉപയോഗം കുറയ്ക്കുക തുടങ്ങിയ കർശന നിർദേശങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഫതഹ്-4’ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.
ഇസ്രായേലും ലെബനനും തമ്മിലുള്ള മൂന്നാം ഘട്ട സമാധാന ചർച്ചകൾ പൂർത്തിയായി. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വ്യാഴാഴ്ച നടന്ന ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടു. ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ക്രിയാത്മകമായിരുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും.
