നവി മുംബൈയിലെ ജൂയിനഗറില്‍ 22.5 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ആല്‍ഫബെറ്റിന്റെ കീഴിലുള്ള ഗൂഗിള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൂഗിളെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ ആസ്ഥാനമായ ഗൂഗിള്‍ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക. പദ്ധതി നടപ്പായാല്‍ ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. അതേസമയം ഇത് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെര്‍ഡിലിയ കെമിക്കല്‍സ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി പാട്ടത്തിനു നല്‍കിയതാണ്. ഗൂഗിളിനു സ്ഥലം കൈമാറാനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപപ്രദേശങ്ങളിലെ നിലവിലെ പ്രോപ്പര്‍ട്ടി നിരക്കും എംഐഡിസിയുടെ ട്രാന്‍സ്ഫര്‍ ചാര്‍ജുകളും കണക്കിലെടുത്ത് ഏകദേശം 850 കോടി രൂപയോളം വരുന്ന ഇടപാടായിരിക്കുമത്. കമ്പനി സ്വന്തമായി വികസിപ്പിക്കുന്ന ആദ്യത്തെ ഡാറ്റാ സെന്ററാണിത്. 2022-ല്‍ നോയിഡയില്‍ അദാനിയുടെ ഒരു ഡാറ്റാ സെന്റര്‍ ഗൂഗിള്‍ വാടകയ്ക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.