റെക്കോഡ് തിരുത്തി സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ധിച്ച് 10,260 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,560 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 2 രൂപ കൂടി 137 രൂപയിലെത്തി. ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ ഈ ആഴ്ചത്തെ പോളിസി മീറ്റിംഗിന് മുന്നോടിയായി ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,681 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,823 രൂപയെങ്കിലും ആവശ്യമായി വരും.