തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. വിപണി വില 6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5040 രൂപയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച 48,000 കടന്നും മുന്നേറിയ സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് വില വര്‍ദ്ധനവ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഡോളര്‍ ശക്തമായതും യു.എസ് കേന്ദ്രബാങ്കായ ഫെഡ് ജൂണില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും ആഗോള ഓഹരി വിപണിയിലെ കുതിപ്പുമൊക്കെയാണ് സ്വര്‍ണ വില ആഗോള, ആഭ്യന്തരതലത്തില്‍ ഉയരാന്‍ കാരണം. ഈ നില തുടര്‍ന്നാല്‍ അടുത്തയാഴ്ചതന്നെ കേരളത്തില്‍ പവന്‍ വില 50,000 പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍.