കേരളത്തിലെ സ്വര്‍ണ വില ഇന്നും റെക്കോഡിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നത്തെ വില 7,945 രൂപയാണ്. പവന് 120 രൂപ വര്‍ധിച്ച് 63,560 രൂപയുമായി. ഇതാദ്യമായാണ് സ്വര്‍ണ വില ഇത്രയുമെത്തുന്നത്. ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ പവന് 63,560 രൂപയായത്. ഇക്കൊല്ലം തുടങ്ങിയതിന് ശേഷം മാത്രം കൂടിയത് 6,360 രൂപ. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,515 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 106 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സ്വര്‍ണ വില മുകളിലേക്കാണ്. യു.എസ് ഫെഡ് നിരക്കിലെ അഭ്യൂഹങ്ങളാണ് ആദ്യം കാരണമായതെങ്കില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കയറ്റത്തിന് ആക്കം കൂടി. ഡോളര്‍ കരുത്താര്‍ജിച്ചതും ഇന്ത്യന്‍ രൂപ റെക്കോഡ് താഴ്ചയിലേക്ക് പോയതും സ്വര്‍ണ വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.