ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി ജനുവരിയില്‍ 76 ശതമാനം ഇടിഞ്ഞ് 32 മാസത്തെ താഴ്ചയിലെത്തി. ആഗോള, ആഭ്യന്തരവിലകള്‍ കഴിഞ്ഞമാസം പുത്തന്‍ ഉയരത്തിലെത്തുകയും ഡിമാന്‍ഡിനെ ബാധിക്കുകയും ചെയ്തതാണ് കാരണം. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യ ജനുവരിയില്‍ ഇറക്കുമതി ചെയ്തത് 11 ടണ്ണാണ്. 2022 ജനുവരിയില്‍ 45 ടണ്ണായിരുന്നു. ഇറക്കുമതി മൂല്യം 238 കോടി ഡോളറില്‍ നിന്ന് 69.7 കോടി ഡോളറിലേക്കും കുറഞ്ഞു. വിലവര്‍ദ്ധനയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജ്വല്ലറിക്കാരും വാങ്ങല്‍ കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തത് ഇറക്കുമതി താഴാനിടയാക്കിയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ബഡ്ജറ്റില്‍ കേന്ദ്രം ഇറക്കുമതിത്തീരുവ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞമാസം ഒട്ടേറെ ജ്വല്ലറിക്കാര്‍ ഇറക്കുമതിയില്‍ നിന്ന് വിട്ട് നിന്നു. എന്നാല്‍ ഇറക്കുമതി കേന്ദ്രം കുറച്ചില്ല. 12.5 ശതമാനമാണ് ഇറക്കുമതിത്തീരുവ. വിലവര്‍ദ്ധനയും ഇറക്കുമതിയെ ബാധിച്ചു. കഴിഞ്ഞമാസം രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 1,800 ഡോളര്‍ നിരക്കില്‍ നിന്ന് 1,950 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ദേശീയതലത്തില്‍ വില 10 ഗ്രാമിന് റെക്കോഡ് ഉയരമായ 57,270 രൂപയിലുമെത്തി. കേരളത്തിലും പവന്‍വില 42,000 രൂപ കടന്നിരുന്നു. സ്വര്‍ണം ഇറക്കുമതി കുറയുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി താഴാന്‍ സഹായിക്കുമെന്ന നേട്ടമുണ്ട്. ഡോളറിന് ഡിമാന്‍ഡ് കുറയുമെന്നതിനാല്‍ രൂപയ്ക്കും സ്വര്‍ണ ഇറക്കുമതിയിലെ വീഴ്ച നേട്ടമാണ്.