സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു. ഫെബ്രുവരി ഒന്നിന് കുറിച്ച പവന് 61,960 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഈ മാസം ഇതു വരെ സ്വര്‍ണ വിലയില്‍ 5,280 രൂപയുടെ വര്‍ധനയുണ്ടായി. ഓരോ ദിവസം സ്വര്‍ണം റെക്കോഡ് പുതുക്കുകയാണ്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് അവര്‍ പറയുന്നു.