ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം. അന്താരാഷ്ട്ര സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 320 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 6010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4990 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. 48,080 രൂപയാണ് ഇന്നൊരു പവന്‍ വില. ഇത് ആഭരണത്തിന്റെ വിലയല്ല. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. ഇന്നത്തെ വില പ്രകാരം 52,000 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കൈയില്‍ കിട്ടൂ. ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സ്വര്‍ണവിലക്കുതിപ്പിന് വളമായത്. അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്നാണ് അദ്ദേഹം ഇന്നലെ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയില്‍ പറഞ്ഞത്. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും കുറഞ്ഞു. ഇത് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുകയും അതുവഴി വിലയും കൂടുകയുമായിരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,158 ഡോളറില്‍. ഇന്നുമാത്രം 30 ഡോളറിലധികം ഉയര്‍ന്നു.