ദൃശ്യ സന്ദേശങ്ങളെ തലച്ചോറിലെത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ഗ്ലോക്കോമ. കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കണ്ണുകളുടെ വശങ്ങളില്‍ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂര്‍ണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാന്‍ കാരണമാകും. 60 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതല്‍ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോഗം പിടിമുറുക്കിയേക്കാം. കണ്ണിനുള്ളിലെ മര്‍ദ്ദം നിലവിട്ട് ഉയരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്. കണ്ണുകളിലുണ്ടാകുന്ന അക്വസ് ഹ്യൂമര്‍ എന്ന ദ്രാവകത്തിന്റെ തോത് വര്‍ധിക്കുമ്പോഴാണ് മര്‍ദ്ദം ഉയരുന്നത്. ഇത് ഒപ്റ്റിക് നാഡീവ്യൂഹത്തിന് ക്ഷതമുണ്ടാക്കും. പുറമേ നോക്കുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ലോകത്ത് ഇപ്പോള്‍ എട്ട് കോടിയോളം ആളുകള്‍ ഗ്ലോക്കോമ ബാധിതരാണെന്നാണ് കണക്ക്. ഇന്ത്യയില്‍ 1.2 കോടി ഗ്ലോക്കോമ ബാധിതരില്‍ 90 ശതമാനം പേര്‍ക്കും രോഗം നിര്‍ണ്ണയിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലരില്‍ ഗ്ലോക്കോമ മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല. എന്നാല്‍ ചിലതരം ഗ്ലോക്കോമ പിടിമുറുക്കുമ്പോള്‍ കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, ചുവന്ന കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. വെളിച്ചത്തിന് ചുറ്റും മഴവില്‍ നിറത്തില്‍ വലയങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഗ്ലോക്കോമ ലക്ഷണമാണ്. ഛര്‍ദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങളും ഉണ്ടായേക്കാം. പ്രമേഹ രോഗികള്‍ക്ക് ഗ്ലോക്കോമ സാധ്യത ഇരട്ടിയാണ്. അതുപോലെ, കണ്ണുകള്‍ക്ക് പരുക്കോ, ശസ്ത്രക്രിയയോ വേണ്ടി വന്ന ആളുകളിലും ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത കൂടുതലായിരിക്കും.