പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 22.08 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 22.02 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 30.15 കോടി രൂപയേക്കാള്‍ 27 ശതമാനം കുറവുമാണ് കഴിഞ്ഞപാദ ലാഭം. മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 116.83 കോടി രൂപയില്‍ നിന്ന് ഒരു ശതമാനം കുറഞ്ഞ് 115.97 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 102.02 കോടി രൂപയില്‍ നിന്ന് 14 ശതമാനം വര്‍ദ്ധിച്ചു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭം മാര്‍ച്ച് പാദത്തിലെ 41 കോടി രൂപയില്‍ നിന്ന് 40 കോടി രൂപയായി താഴ്ന്നു; എന്നാല്‍ മുന്‍വര്‍ഷത്തെ ജൂണ്‍പാദത്തില്‍ ഇത് 38 കോടി രൂപയായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 74,000 കോടി രൂപയാണ് ജിയോജിത് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. മൊത്തം ഉപയോക്താക്കള്‍ മാര്‍ച്ച് പാദത്തിലെ 12.9 ലക്ഷത്തില്‍ നിന്ന് 13 ലക്ഷത്തിലെത്തി. 2022-23ലെ ജൂണ്‍പാദത്തില്‍ ഉപയോക്താക്കള്‍ 12.2 ലക്ഷമായിരുന്നു. ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി 498 ഓഫീസുകളാണ് ജിയോജിത്തിനുള്ളത്. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ജി.സി.സിയില്‍ കുവൈറ്റ്, ബഹ്റൈന്‍, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലുമാണ് സാന്നിദ്ധ്യം. കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് ജിയോജിത് ഓഹരികള്‍ നല്‍കിയ നേട്ടം 3.82 ശതമാനമാണ്. കഴിഞ്ഞ 12 മാസത്തെ നേട്ടം നെഗറ്റീവ് 5.18 ശതമാനം.