ഇമേജ് എഡിറ്റിംഗ് ഫീച്ചറായ ‘നാനോ ബനാന’ ട്രെന്‍ഡ് അടങ്ങും മുമ്പേ പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ജെമിനി. സ്വന്തം ചെറുപ്പകാലത്തെ കൂടെ കൂട്ടാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റാണ് ‘ഹഗ് മൈ യംഗര്‍ സെല്‍ഫ്’. കുട്ടിക്കാലത്തെ നിങ്ങളുടെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോയുമായി ചേര്‍ക്കുകയാണ് ഹഗ് മൈ യംഗര്‍ സെല്‍ഫ്. ചാറ്റ് ജി.പി.റ്റിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെമിനിയുടെ മുന്നേറ്റം. ഓഗസ്റ്റ് 26ന് നാനോ ബനാന പുറത്തിറക്കിയ ശേഷം ജെമിനി 2.3 കോടി ഉപയോക്താക്കളെയാണ് നേടിയത്. 50 കോടി ഇമേജുകള്‍ ഇതുവഴി എഡിറ്റ് ചെയ്യപ്പെട്ടു. ജനറേറ്റീവ് എ.ഐയില്‍ മുഖ്യ വിപണി വിഹിതം ചാറ്റ് ജി.പി.റ്റിയ്ക്കാണെങ്കിലും നാനോ ബനാനയുടെ വരവ് ചെറിയ മങ്ങലേല്‍പ്പിച്ചു. സ്വന്തം ചിത്രം നല്‍കി അത് പല വിധിത്തില്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്ത് എടുക്കാവുന്ന ഫീച്ചറാണ് നാനോ ബനാന. വിന്റേജ് സാരി ട്രെന്‍ഡും ജെമിനി അവതരിപ്പിച്ചിരുന്നു. 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്‌റ്റൈലിലാണ് ഇതില്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നത്.