ഒരു വര്‍ഷത്തിന് ശേഷം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി വീണ്ടും 10,000 കോടി ഡോളര്‍ (100 ബില്യണ്‍ ഡോളര്‍) ക്ലബില്‍ ഇടംനേടി. ബുധനാഴ്ച അദാനിയുടെ ആസ്തി 270 കോടി ഡോളര്‍ കൂടി വര്‍ധിച്ചതോടെയാണ് ഈ നേട്ടം തിരിച്ചുപിടിച്ചത്. നിലവില്‍ 10070 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മാസങ്ങള്‍ക്ക് മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ നഷ്ടം നേരിട്ടിരുന്നു. ഓഹരി വില പെരുപ്പിച്ച് കാട്ടി എന്നതായിരുന്നു റിപ്പോര്‍ട്ടിലെ മുഖ്യ ആരോപണം. അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചെങ്കിലും വലിയ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസ് അടക്കം വലിയ ഇടിവാണ് നേരിട്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അദാനി ഗ്രൂപ്പ് കമ്പനി ഓഹരികള്‍ തിരിച്ചുവരുന്നതാണ് കണ്ടത്. കമ്പനി ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായി എട്ടുദിവസമാണ് അദാനി എന്റര്‍പ്രൈസസ് ഓഹരി മുന്നേറിയത്. അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 130 ശതമാനത്തിന്റെ വര്‍ധനാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വില കുതിച്ചത്. നിലവില്‍ ലോകത്തെ 12-ാമത്തെ സമ്പന്നനാണ് ഗൗതം അദാനി. മുകേഷ് അംബാനിക്ക് തൊട്ടുതാഴെയാണ് സ്ഥാനം.