കൊല്ലം കോര്‍പ്പറേഷനിൽ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ട്രഷറി ഉദ്യോഗസ്ഥരാണ്, രേഖകളിലെ കൃതൃമം കണ്ടെത്തിയത്. അമൃത് പദ്ധതിയിൽ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരൻ കോര്‍പ്പറേഷനിൽ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുൻപ് ഉദ്യോഗസ്ഥർ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നൽകാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. കോര്‍പ്പറേഷൻ ഭരണസമതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികൾപറഞ്ഞു.
വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ലിമിറ്റഡ് സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത പ്രതികരിച്ചു. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയിക്കാത്ത രൂപത സമരത്തിന്റെ നഷ്ടം ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി.9000 ത്തിലധികം പേരുള്ള വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി.എന്നാൽ താഴേത്തട്ടിലെ കോൺഗ്രസ് പ്രവർത്തകർ ശശി തരൂർ അധ്യക്ഷനാകണമെന്ന ആഗ്രഹം തുറന്ന് പറയുകയാണ്.തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പാലായിലും തരൂരിനെ അനുകൂലിച്ച് ഫ്ലെക്സ് ഉയർന്നിരുന്നു.
കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു.അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.
ലഖ്‌നൗവിൽ മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തിക്കൊ ന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പ്രതിയുടെ അമ്മയുൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെ എടുത്തു. പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.