കടല്‍ക്കൊള്ള | Frankly Speaking | 30. 11

 

സാമൃാജ്യത്വ കാലഘട്ടം മുതല്‍ ഭരണവര്‍ഗത്തിന് ഒരേ സ്വഭാവമാണ്. രാജ്യത്തെ വില്‍ക്കുകയും നാട്ടില്‍ കലാപമുണ്ടാക്കുകയും ചെയ്യുന്നത് അതിലൊരു ഇനം മാത്രം. കീശയില്‍ കാശു നിറയ്ക്കുന്നതിന് എന്തും ചെയ്യും. പോലീസിനേയും പട്ടാളത്തേയുമെല്ലാം ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തിയാലേ ഇതെല്ലാം വിജയിക്കൂ. ജനങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഭരണകൂട ഭീകരത. കേന്ദ്രത്തില്‍ മോദിയും കേരളത്തിലെ മുണ്ടുടുത്ത മോദിയുമെല്ലാം ചെയ്യുന്നത് ഒരേ ജനസേവനംതന്നെയാണ്. ഇങ്ങനെയുള്ള കേമത്തരങ്ങല്ലാം ചെയ്തുകൂട്ടി മറ്റുള്ളവരെ രാജ്യദ്രോഹികളെന്നു അധിക്ഷേപിക്കുന്നതാണ് ഇവരുടെയെല്ലാം ഒരു രീതി. ബിജെപിയോടു മല്‍സരിച്ച് തരംപോലെ കമ്യൂണിസ്റ്റു സഖാക്കളും വര്‍ഗീയ വിഷം ചീറ്റുമെന്നു ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് വിഴിഞ്ഞം സംഭവത്തില്‍. വിഴിഞ്ഞം സമരം പൊളിക്കാന്‍ മറ്റൊരു സംഘത്തെ സമരംത്തിനിറക്കി ഏറ്റുമുട്ടിച്ചു. ആര്‍ച്ച്ബിഷപ് അടക്കം അമ്പതിലേറെ പേര്‍ക്കെതിരേ കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. ജാമ്യത്തിലെടുക്കാന്‍ സ്റ്റേഷനിലെത്തിയ നാലുപേരെയും അറസ്റ്റു ചെയ്തു.

അവരേയും ജാമ്യത്തിലെടുക്കാന്‍ വന്ന വൈദികര്‍ അടക്കമുള്ളവരെ പോലീസ് മണിക്കൂറുകളോളം സ്‌റ്റേഷനിലിരുത്തി. ഇവരേയും അറസ്റ്റു ചെയ്‌തെന്നു തോന്നിപ്പിച്ച് തീരവാസികളെ കലാപത്തിന് ഇളക്കിവിട്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. നടക്കരുതാത്തതെല്ലാം അവിടെ നടന്നു. പോലീസ് സ്‌റ്റേഷന്‍ ആക്രമണം, കല്ലേറ്, ലാത്തിച്ചാര്‍ജ്. 36 പോലീസകാര്‍ക്കും 120 തീരവാസികള്‍ക്കും പരിക്കേറ്റു. മൂവായിരം പേര്‍ക്കെതിരേ കേസ്. 68 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും അദാനിക്ക് നഷ്ടമുണ്ടായ 200 കോടി രൂപയ്ക്കുമെല്ലാം കേസെടുത്തു. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് കേരളത്തില്‍ വിവിധ പാര്‍ട്ടികള്‍ നടത്തിയ  ഹര്‍ത്താലുകളിലെ അക്രമങ്ങളുടേയും തൊഴില്‍- വ്യവസായ നഷ്ടങ്ങളുടേയും നഷ്ടപരിഹാരത്തുക ഈടാക്കുകയാണ്. മാത്രമല്ല, വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാത്ത അദാനിയില്‍നിന്നും കരാറനുസരിച്ചു നഷ്ടപരിഹാരം ഈടാക്കണം. 2015 ല്‍ ആരംഭിച്ച പണി 2019 ഡിസംബറില്‍ അവസാനിക്കേണ്ടതായിരുന്നു. കരാര്‍ കാലവധി കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും 36 ശതമാനം പണി പൂര്‍ത്തിയാക്കാനേ കഴിഞ്ഞുള്ളൂ.

കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും അദാനി കേരള സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കണമെന്നാണു വ്യവസ്ഥ. ഈ തുക അദാനിയോടു ചോദിക്കാത്ത സര്‍ക്കാരാണിത്. മൂന്നു വര്‍ഷം വൈകിപ്പോയ പണിയുടെ കരാര്‍ പുതുക്കി നല്‍കിയിട്ടുമില്ല. കരാര്‍ പുതുക്കാത്ത നിര്‍മാണം നിയമലംഘനമാണ്. അദാനിയും പിണറായി സര്‍ക്കാരും തമ്മിലുള്ള ഒരു ഒത്തുകളി. ഈ ഒത്തുകളിയില്‍ വിദേശപണമാണോ അദാനിപ്പണമാണോ കൈപ്പറ്റിയതെന്ന് ആരും അന്വേഷിക്കില്ല. മോദി എല്ലാം വിറ്റുകൊണ്ടിരിക്കുന്നത് ഇതേ അദാനിക്കാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. വികസനമാണല്ലോ, വികസനം. പിണറായി വിജയനും ശിവന്‍കുട്ടിയുമെല്ലാം വലിയതുറയിലെ സിമന്റ് ഗോഡൗണിലേക്കൊന്നു പോകണം. തുറമുഖ നിര്‍മാണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ഇവിടെയാണ് നിങ്ങള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഗോഡൗണില്‍ പത്തടി നീളവും വീതിയും എട്ടടി ഉയരവുമുള്ള കൂടുകളിലാണ് ഓരോ കുടുംബത്തേയും പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷമായി അവര്‍ അവിടെ കഴിച്ചുകൂട്ടുന്നു. ഉടനേ വീടു തരുമെന്നു പറഞ്ഞു കബളിപ്പിച്ചാണ് ഇവരെ നിങ്ങള്‍ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.

കിടപ്പാടം ആവശ്യപ്പെടുന്ന ഇവരെ കടലില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയത്തില്‍നിന്ന് കേരളത്തെ കരകയറ്റിയ മല്‍സ്യത്തൊഴിലാളികള്‍ക്കു പാര്‍പ്പിടം നല്‍കാന്‍ മനസില്ല. അദാനി ഗ്രൂപ്പ് സാമൂഹ്യ സേവനനിധി തരാമെന്നു കോടതിയില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിരേഖയില്‍ പുനരധിവാസത്തിന് കോടികള്‍ മാറ്റിവയ്ക്കുമെന്നാല്ലാം ഏഴു വര്‍ഷം മുമ്പേ എഴുതിവച്ചിട്ടുണ്ട്. പത്തുപൈസപോലും കൊടുത്തിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി തുടങ്ങിവച്ചപ്പോള്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ദേശാഭിമാനി പത്രം എഴുതിവച്ച തലക്കെട്ട് കടല്‍ക്കൊള്ള എന്നായിരുന്നു. ഇപ്പോഴത് കൊള്ളയും കൊള്ളിവയ്പും കലാപവും കള്ളക്കേസുകളും ജനദ്രോഹവും രാജ്യദ്രോഹവുമെല്ലാമാക്കി വികസിപ്പിച്ച സഖാക്കള്‍ക്ക് ഒരു ലാല്‍സലാം പെടച്ചുകൊണ്ട് ഈ വാരത്തിലെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് അവസാനിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *