‘മുഖ്യ’ന്റെ ഉല്ലാസയാത്ര?
മുഖ്യമന്ത്രി പിണറായി വിജയനും മകളും അടക്കമുള്ള കുടുംബാംഗങ്ങളും മന്ത്രിപ്പടയും ഉദ്യോഗസ്ഥ പ്രഭുക്കന്മാരുമെല്ലാം യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയാണ്. എട്ടു ദിവസത്തെ സന്ദര്‍ശനം. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചുള്ള ഉല്ലാസയാത്രയാണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആക്ഷേപം. യൂറോപ്പിലെ ഉല്ലാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങളും വിവരങ്ങളോ ആര്‍ക്കും ലഭിച്ചില്ലെങ്കിലും യൂറോപ്യന്‍ യാത്രതന്നെ ഉല്ലാസമാണെന്നു കരുതുന്നവരുണ്ട്. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവിട്ടു നടത്തിയ യൂറോപ്യന്‍ യാത്രയിലൂടെ കേരളീയര്‍ക്ക് എന്തു ലഭിച്ചെന്നു പരിശോധിക്കുമ്പോഴാണ് വെറും ഉല്ലാസയാത്രസതന്നെയാണോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നത്. മുഖ്യമന്ത്രിയുടെ പത്‌നിയും ബിസിനസുകാരിയായ മകള്‍ വീണയും വീണയുടെ മകനുമെല്ലാം യാത്രാ സംഘത്തിലുണ്ടാകുമ്പോള്‍ സ്വാഭാവികമായും ഉല്ലാസയാത്രയാകും. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും വീണ ജോര്‍ജും മുന്‍ സ്പിക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനുമായി പി. ശ്രീരമകൃഷ്ണനും അടക്കമുള്ള സംഘം. ചീഫ് സെക്രട്ടറി അടക്കം വലിയൊരു സംഘം ഉദ്യോഗസ്ഥരുമുണ്ട്.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതോടെ മാറ്റിവച്ചതായിരുന്നു യൂറോപ്യന്‍ പര്യടനം. കോടിയേരിയുടെ ചിതയിലെ തീയണയുന്നതിനു മുമ്പേ, നാലാം തീയതി പുലര്‍ച്ചെ മുഖ്യമന്ത്രിയും സംഘവും വിമാനം കയറി. നോര്‍വേയിലേക്കായിരുന്നു ആദ്യയാത്ര. നോര്‍വേ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായിരുന്നു പര്യടനം. കൊച്ചിയില്‍നിന്ന് വിജയന്‍ പറന്നപ്പോഴേക്കും രാജ്ഭവനില്‍നിന്ന് കരിമ്പുക ഉയര്‍ന്നു. വിദേശയാത്രയുടെ വിശദാംശങ്ങള്‍ അറിയിച്ചില്ലെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നീരസമാണു കരിമ്പുകയായത്. വിദേശത്തു ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ രേഖാമൂലം തരണമെന്നാണത്രേ ചട്ടം. അതു ചെയ്തിട്ടില്ല. യൂറോപ്പില്‍ ചില കൂടിക്കാഴ്ചകള്‍ക്ക് ഏര്‍പ്പാടാക്കിയിരുന്നെങ്കിലും സുപ്രധാന ചുവടുവയ്‌പെന്നു പറയാവുന്ന ഒന്നും ഇല്ലായിരുന്നു.
അല്ലാ, ഒരു സുപ്രധാന സംഭവമുണ്ട്. നോബല്‍ സമ്മാനം നല്‍കുന്ന പ്രസ്ഥാനത്തിന്റെ സാരഥികളുമായുള്ള കൂടിക്കാഴ്ചയാണത്. കോവിഡ് കാലത്തെ മികച്ച ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്കു സമ്മാനിക്കാനിരുന്ന മഗ്‌സസെ അവാര്‍ഡ് പുറംകാലുകൊണ്ടു തൊഴിച്ചു കളഞ്ഞവര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തരുമോയെന്നു ചോദിക്കാനല്ല അവിടെ പോയത്. കേരളത്തില്‍ ലോക സമാധാന സമ്മേളനം നടത്താന്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്ന പ്രസ്ഥാനത്തിന്റെ ആശീര്‍വാദം തേടി പോയതാണ്. കേരള മുഖ്യമന്ത്രിയുടെ ആവശ്യം കേട്ട് നോബല്‍ സമ്മാനങ്ങളുടെ മൊത്തവ്യാപാരികള്‍ ഞെട്ടിപ്പോയി. ഒടുവില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നു നോബല്‍ പീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്േളാഗ്സ്റ്റാഡ് പറഞ്ഞെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
ലോക സമാധാന സമ്മേളനത്തിനായി കേരള ബജറ്റില്‍ രണ്ടു കോടി രൂപ നമ്മുടെ ധനമന്ത്രി ബാലഗോപാലന്‍ വകയിരുത്തിയിട്ടുണ്ട്. രണ്ടിനു പകരം ഇരട്ടി, നാലു കോടി രൂപ ചെലവാക്കിയാലും ലോകത്ത് ആരും ചെയ്യാത്ത കാര്യം ചെയ്യുന്നതില്‍ നമുക്ക് അഭിമാനിക്കാം. യുക്രെയിനില്‍ ഒമ്പതു മാസമായി റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രപ്രധാനമായ മുന്നേറ്റമാണ് ഇതെന്ന് ബുദ്ധിജീവികള്‍ക്കുപോലും മനസിലാവില്ല. ഇനിയിപ്പോ ഇത്രയും ഗംഭീരമായ വിശ്വമാനവികത പ്രകടമാക്കിയ മുഖ്യമന്ത്രിക്ക് നോബല്‍ സമ്മാന കമ്മിറ്റിക്കാര്‍ അടുത്ത വര്‍ഷത്തെ നോബല്‍ സമ്മാനം പ്രഖ്യാപിക്കുമോയെന്ന് അസൂയപ്പെടുന്നവരോട് ഒരു കാര്യം പറഞ്ഞേക്കാം. കമ്യൂണിസറ്റു വിരുദ്ധനായ മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡിനു മാത്രമേ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂ.
തൊഴിവിനും കുടിയേറ്റത്തിനുമായി യുകെയും കേരളവും തമ്മില്‍ ഒപ്പുവച്ച കരാറാണ് മറ്റൊരു സൂപ്പര്‍ സംഭവം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ് യുകെയും കേരളവും തമ്മില്‍ കരാര്‍ ഒപ്പുവച്ചെന്ന പ്രഖ്യാപനമുള്ളത്. യുകെയുമായി കേന്ദ്ര സര്‍ക്കാരിനു കരാറുണ്ടാക്കാം. എന്നാല്‍ സംസ്ഥാനത്തിനു കഴിയില്ല. സത്യത്തില്‍ കരാര്‍ ഒപ്പിട്ടത് കേരളത്തിലെ പ്രവാസി ക്ഷേമ പ്രസ്ഥാനമായ നോര്‍ക്ക റൂട്ട്‌സും യുകെയിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയും തമ്മിലാണ്. ദ നാവിഗോ ആന്‍ഡ് ഹമ്പര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. യുകെയിലെ ആശുപത്രികളിലേക്ക് ജീവനക്കാരെ റിക്രൂട്ടു ചെയ്തു നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണിത്. ഇവര്‍ അടക്കമുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ നേരത്തെതന്നെ മറ്റ് ഏജന്‍സികള്‍ വഴി മലയാളികളായ നേഴ്‌സുമാര്‍ അടക്കമുള്ളവരെ റിക്രൂട്ടു ചെയ്യാറുണ്ട്. എന്തായാലും കരാര്‍ ഒപ്പിട്ടതു സംഭവംതന്നെ.
നമ്മുടെ മുഖ്യമന്ത്രി നോര്‍വേ സന്ദര്‍ശനത്തിലൂടെ നേടിയത് 150 കോടി രൂപയുടെ വന്‍ നിക്ഷേപമാണ്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഓര്‍ക്കലെയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരി വാങ്ങിയ കമ്പനിയാണ് ഓര്‍ക്കലെ. രാജസ്ഥാനില്‍ അദാനി 65,000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുമ്പോഴാണ് നമ്മുടെ മുഖമന്ത്രി 150 കോടി രൂപയുടെ ഭീമന്‍ നിക്ഷേപം വിദേശത്തുനിന്ന് ഒപ്പിച്ചെടുക്കുന്നത്. അത് ഇവിടെ എത്തിയാല്‍ ഇവിടെയുള്ള ഉദ്യോഗസ്ഥ പ്രഭുക്കളും സമരക്കാരായ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് ശരിപ്പെടുത്തിക്കൊള്ളും. കേരളത്തില്‍ ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ക്കു നോര്‍വേ സഹായം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളിലും നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായം ലഭിക്കും.
പിന്നെ ലണ്ടനിലും നോര്‍വേയിലും മലയാളികളുടെ കൂട്ടായ്മയിലും പങ്കെടുത്തു. ഇനി നിങ്ങള്‍ പറയൂ, ഇത്രയും വലിയ സംഘം യൂറോപ്പില്‍ എട്ടു ദിവസം വട്ടംകറങ്ങിയതിന്റെ നേട്ടം ആര്‍ക്കാണ്.
സ്വപ്‌ന സുരേഷിന്റെ പുതിയ ബോംബായ ചതിയുടെ പത്മവ്യൂഹം കാത്തിരിക്കുകയാണ്. പോരാത്തതിന് ഒരു സഖാവിന്റെ വക ഇരട്ട നരബലിയുമുണ്ട്. കൂടുതലൊന്നും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. പിന്നെയൊരു കാര്യം, സബ്‌സ്‌ക്രൈബ് ചെയ്യാനും സാധ്യമെങ്കില്‍ ഒരു ലൈക്കോ കമന്റോ തരാനും മറക്കേണ്ട.
3.5
5