web cover 7

കൂട്ടക്കുരുതി കുട്ടികളോടോ? | Frankly Speaking 02 | 11 | Franco Louis

കൂട്ടക്കുരുതി കുട്ടികളോടോ?

സരസ്വതീക്ഷേത്രങ്ങളെ അധോലോകമാക്കുമോ? അതേ, വിജ്ഞാനത്തിന്റെ സരസ്വതീക്ഷേത്രങ്ങളാകേണ്ട സര്‍വകലാശാലകളും കോളജ് കാമ്പസുകളും നിയമലംഘനങ്ങളുടേയും  ഗുണ്ടായിസത്തിന്റെയും അധോലോകമാക്കി അധ:പതിപ്പിക്കുന്ന കാഴ്ചയാണു നാമെല്ലാം കാണുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ മികച്ച അംഗീകാരം നേടുന്ന യൂണിവേഴ്‌സിറ്റികളാണ് കേരളത്തിലേത്. യൂണിവേഴ്‌സിറ്റികള്‍ മാത്രമല്ല, ഓട്ടോണമസ് കോളജുകളും കോളജുകളുമെല്ലാം മികച്ച ഗ്രേഡിംഗ് നേടിയവയാണ്. യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള. മികച്ച കരിയര്‍ കെട്ടിപ്പടുക്കാനുള്ള, ജീവിത ദര്‍ശനങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള പഠനക്കളരികളാണ്  കോളജുകളും യൂണിവേഴ്‌സിറ്റികളും. ഇപ്പോള്‍ ഈ പഠനക്കളരിയില്‍ അവയുടെ അമരക്കാരായവര്‍, അധികാരികളായവര്‍ അധികാര യുദ്ധം നടത്തുന്ന വിചിത്രമായ കാഴ്ചയാണു വിദ്യാര്‍ത്ഥികളും സമൂഹവും കാണുന്നത്.

ചാന്‍സലര്‍ പദവിയിലുള്ള ഗവര്‍ണറും ഓരോ യൂണിവേഴ്‌സിറ്റിയുടേയും ചാന്‍സലര്‍മാരും അവരെ നിയമിച്ച സര്‍ക്കാരുമെല്ലാം വാളും പരിചയുമേന്തി അങ്കംവെട്ടുന്നു. സര്‍വകലാശാലകളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെപ്പോലും അവതാളത്തിലാക്കുന്ന പോര്‍വിളിയാണിത്. ഈ അങ്കക്കലിയില്‍ ചവിട്ടി മെതിക്കപ്പെടുന്നത് ഓരോ സര്‍വകലാശാലയിലേയും അക്കാദമിക് മികവുകളാണ്. അവിടെ പഠിക്കുന്ന, പരിശീലിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയും ജീവിതവുമാണു ചവിട്ടിമെതിക്കപ്പെടുന്നത്. അവരുടെ കരിയറിനെയാണ് നിങ്ങിള്‍ കരിയോയില്‍ ഒഴിച്ചു കറുപ്പിക്കുന്നത്. വെറും രാഷ്ട്രീയ മുതലെടുപ്പു കളിക്കായി യൂണിവേഴ്‌സിറ്റികളെ, ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ ഇങ്ങനെ അവതാളത്തിലാക്കാമോ? മനസാക്ഷിയുണ്ടെങ്കില്‍, നാടിന്റെ വാഗ്ദാനങ്ങളായ യുവതലമുറയോട് അല്‍പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമെല്ലാം ഈ യുദ്ധം നിറുത്തണം.

വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ പക്ഷത്തുനിന്നുകൊണ്ടാണ് ഹൈക്കോടതിയും ഈ വിഷയത്തെ കാണുന്നത്. എല്ലാവരും അങ്ങനെയാണ് കാണേണ്ടതും. സുപ്രീം കോടതി വിധിയുടെ മറപിടിച്ച് എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടേയും നിയമനം അസാധുവാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏഴു വൈസ് ചാന്‍സലര്‍മാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറുപടി നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ, ആരും മറുപടി നല്‍കിയില്ലെന്നു മാത്രമല്ല, ഗവര്‍ണറുടെ നോട്ടീസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.  കോടതി ഗവര്‍ണറോടു വിശദീകരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും യൂണിവേഴ്‌സിറ്റിയും യുജിസിയും ചേര്‍ന്ന സെലക് ഷന്‍ കമ്മിറ്റി നിശ്ചയിച്ച് അംഗീകരിച്ചവരെയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിച്ചത്. ഇതേ ഗവര്‍ണര്‍തന്നെയാണ് ഇവരെ നിയമിച്ചത്. നിയമിച്ചതിന്റെ ഉത്തരവാദിത്വം ഗവര്‍ണവര്‍ക്കുകൂടിയുണ്ടെന്നു മറക്കരുത്.

ഗവര്‍ണര്‍ കൂടുതല്‍ കടുത്ത നടപടികളെടുക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വൈസ് ചാന്‍സലര്‍മാരുടെ നിയമന ദിവസം മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാന്‍ നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് ഗവര്‍ണര്‍. മൂന്നു പേരുടെ പാനലില്‍നിന്നാണു നിയമനം നടത്തേണ്ടതെന്ന ചട്ടം ലംഘിച്ചതിന് ശിക്ഷിക്കപ്പെടേണ്ടത് ഗവര്‍ണറാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരേ ഇന്നു ശക്തമായ ആക്രമണം നടത്തി. തീര്‍ന്നില്ല, രാജ്ഭവനു മുന്നിലേക്കു ബഹുജന പ്രക്ഷോഭം ഒരുക്കാനുള്ള നീക്കത്തിലാണ് ഈ നാടു ഭരിക്കുന്ന എല്‍ഡിഎഫ്. സര്‍വകലാശാലാ വിഷയം മാത്രമല്ല എല്‍ഡിഎഫിനു മുന്നിലുള്ളത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ മാറ്റിവച്ചിരിക്കുന്നു. അതു ന്യായമാണോ? മന്ത്രിസഭയ്ക്കും നിയമസഭയ്ക്കും അതീതനായ അധികാരിയാണോ ഗവര്‍ണര്‍? രാജ്ഭവനില്‍ പരിവാര സമേതം വാഴുമ്പോള്‍ രാജാവാണെന്നു തോന്നുന്നുണ്ടാകാം. ഇതു ജനാധിപത്യ ഭരണമാണെന്നു മറക്കരുത്. സര്‍വകലാശാലകളെയും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ദ്രോഹിക്കുന്നത് കാലം പൊറുക്കാത്ത അപരാധമായിരിക്കുമെന്നു മാത്രം ഓര്‍മിപ്പിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *