‘ഫോബ്‌സ് ഇന്ത്യ ഡിജിഇഎംഎസ് സിലക്ട് 200 കമ്പനീസ്’ പട്ടികയില്‍ ഇടം നേടി നാല് മലയാളി സ്റ്റാര്‍ട്ടപ് കമ്പനികള്‍. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈ കെയര്‍ ഹെല്‍ത്ത്, കാവ്ലി വയര്‍ലെസ്, റോബട്ടിക്‌സ് എഐ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബട്ടിക്‌സ് എന്നിവയാണ് ആഗോളതലത്തില്‍ വളരാന്‍ സാധ്യതയുള്ള 200 ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഗ്ലോബല്‍ ബിസിനസ് മൊബിലിറ്റി ആക്‌സിലറേറ്ററായ ഡി ഗ്ലോബലിസ്റ്റിന്റെ സഹകരണത്തോടെയാണു ഫോബ്‌സ് പട്ടിക തയാറാക്കിയത്. രോഗികളെയും ആശുപത്രികളെയും ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മൈ കെയര്‍ ഹെല്‍ത്ത്. ആശുപത്രികളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുകയാണു മൈ കെയര്‍ ചെയ്യുന്നത്. 2017ല്‍ സ്ഥാപിതമായ ഓപ്പണ്‍ ഇന്ത്യയിലെ നൂറാമത്തെ ബില്യന്‍ ഡോളര്‍ ആസ്തി മൂല്യമുള്ള (യുണികോണ്‍) കമ്പനിയെന്ന ബഹുമതി നേടിയിരുന്നു. സംരംഭകര്‍ക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോമാണിത്. ജെന്‍ റോബട്ടിക്‌സ് രാജ്യത്തെ പ്രമുഖ റോബട്ടിക്‌സ് കമ്പനികളിലൊന്നാണ്. ഫോബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലും ജെന്‍ റോബട്ടിക്‌സ് ഈ വര്‍ഷം ഇടം പിടിച്ചിരുന്നു. യുഎസിലെ കലിഫോര്‍ണിയ ആസ്ഥാനമായ കാവ്ലി വയര്‍ലെസ് സെല്ലുലാര്‍ ഐഒടി സെമികണ്ടക്ടര്‍ കമ്പനിയാണ്. ആഗോള കമ്പനികള്‍ക്കായി നൂതന 5 ജി, ഓട്ടമോട്ടീവ് സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്നു.