ജീവിതശൈലിയിലെ മാറ്റങ്ങള്‍ പലപ്പോള്‍ ആദ്യം ബാധിക്കുക ഉറക്കത്തെയാണ്. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മറികടക്കാന്‍ നാല് ദിവസം വരെ വേണ്ടി വരുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീര്‍ കുമാര്‍ ചൂണ്ടികാട്ടുന്നു. എക്സിലൂടെ അദ്ദേഹം പങ്കുവെച്ച് ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഉറക്കനഷ്ടം ഒരു മണിക്കൂര്‍ മാത്രമാണെങ്കില്‍ പോലും അത് മറികടക്കാന്‍ നാല് ദിവസങ്ങള്‍ വരെ വേണ്ടി വരുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. തലവേദന, ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, ഉറക്കച്ചടവ് തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളാണ്. ട്വീറ്റിന് താഴെ ഒരാള്‍ എത്ര മണിക്കൂളുകളാണ് ഉറങ്ങേണ്ടതെന്ന ചോദ്യത്തിന് പ്രായമനുസരിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. മൂന്നുമാസം വരെ പ്രായമുള്ള കുട്ടികള്‍ 14 മുതല്‍ 17 മണിക്കൂറോളവും നാലു മുതല്‍ 12 മാസം വരെ പ്രായമുള്ള കുട്ടികള്‍ 12 മുതല്‍ 16 മണിക്കൂറോളവും ഒന്നു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ 10 മുതല്‍ 14 മണിക്കൂറോളവും ഉറങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആറു മുതല്‍ 12 വയസ്സു വരെയുള്ളവര്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെയും 13 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയും 18 വയസ്സിന് മുകളിലുള്ളവര്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെയും ഉറങ്ങണം. അതേസമയം ജോലിത്തിരക്കോ മറ്റ് കാരണത്താലോ രാത്രി ഉറക്കം നഷ്ടമായാല്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം കമന്റില്‍ മറുപടി നല്‍കുന്നുണ്ട്. സ്ഥിരമായുള്ള ഉറക്കക്കുറവു ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിച്ചേക്കാം.