ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിയുന്നു. ജനുവരി ആറിന് സമാപിച്ച ആഴ്ചയില്‍ 126.8 കോടി ഡോളര്‍ ഇടിഞ്ഞ് 56,158.3 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയവര്‍ദ്ധന മാത്രം ശേഖരം കുറിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ഇടിഞ്ഞശേഷമായിരുന്നു ഇത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 174.7 കോടി ഡോളര്‍ താഴ്ന്ന് 49,644.1 കോടി ഡോളറായതാണ് ജനുവരി ആറിലെ ആഴ്ചയില്‍ തിരിച്ചടിയായത്. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 46.1 കോടി ഡോളര്‍ ഉയര്‍ന്ന് 4,178.4 കോടി ഡോളറായി. തൊട്ടുമ്പത്തെ ആഴ്ചയില്‍ വിദേശ നാണയശേഖരത്തില്‍ വര്‍ദ്ധനയ്ക്ക് കരുത്തായതും കരുതല്‍ സ്വര്‍ണത്തിലെ വര്‍ദ്ധനയാണ്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ പൗണ്ട്, യെന്‍, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ റിസര്‍വ് ഫണ്ട് തുടങ്ങിയവയുണ്ട്.