ഫോർട്ടു കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. അതിനായി വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി.വെടിയേറ്റ മൽസ്യത്തൊഴിലാളിയിൽ നിന്നും മൊഴിയെടുത്തു. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്.
പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ നിർദേശം. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കും. മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ വെയർ ഹൌസുകൾക്ക് ഇന്നലെ രേഖാമൂലം നിർദേശം നൽകി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനം കന്യാകുമാരിയിൽ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് തുടങ്ങി. ശുചീന്ദ്രം വരെയാണ് രാവിലെ യാത്ര.വൈകുന്നേരം 3:30ക്ക് പുനരാരംഭിക്കുന്ന യാത്ര 6:30ക്ക് നാഗർകോവിലിൽ അവസാനിപ്പിക്കും.യാത്രയുടെ ഇടവേളയിൽ രാഹുൽ ഗാന്ധി പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 150 ദിവസം കണ്ടെയ്നർ ലോറികളിലാണ് രാഹുൽ ഗാന്ധിക്കും സംഘാംഗങ്ങൾക്കും താമസം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കടകളിൽ നിന്നും. 5 മാസം നീളുന്ന ഭാരത് ജോഡോ യാത്രാരീതി ഇതായിരിക്കും.
മയക്ക് മരുന്ന് സംഘത്തിലെ പ്രധാനിയായ യുവതിയെ പാലാരിവട്ടം പോലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി. സംസ്ഥാനത്തേക്ക് അതി തീവ്ര ലഹരി മരുന്നായ എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് പിടികൂടിയത്.കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് എം ഡി എം എ ജൂലായ് മാസത്തിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയേയും സംഘത്തെയും പിടികൂടിയിരുന്നു. അതിന്റെ തുടർച്ചയാണ് ഈ യുവതിയുടെ അറസ്റ്റ് .
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തൃശ്ശൂർ മുതൽ വയനാട് വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള യാത്ര നിയന്ത്രിക്കണം.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.