ഏവരും ആവേശത്തോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കലാപക്കാരാ’ എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഐറ്റം നമ്പര്‍ ഗാനത്തിന് ദുല്‍ഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യന്‍ താരം റിതികാ സിങ്ങാണ്. മലയാളത്തില്‍ ‘കലാപക്കാരാ’ എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ‘ഹല്ലാ മച്ചാരെ’, തമിഴില്‍ ‘കലാട്ടക്കാരന്‍’, ഹിന്ദിയില്‍ ‘ജല ജല ഹായ്’ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ജോ പോള്‍ ആണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രം ഓണത്തിന് തിയറ്ററുകളില്‍ എത്തും. ദുല്‍ഖറിന്റെ മാസ്സ് ആക്ഷന്‍ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.