യുവ സംവിധായക നയന സൂര്യയുടെ മരണം അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് ചൂണ്ടിക്കാട്ടി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് ആദ്യ അന്വേഷണ സംഘം എടുത്തത്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം നടത്തിയില്ല. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ ഫോൺ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിക്കുന്നു.
സ്വയം കഴുത്തിൽ മുറിവുണ്ടാക്കിയെന്നതിന് വിശ്വാസ്യതയില്ല. നയനയുടെ കമ്പ്യൂട്ടറും ലാപ് ടോപ്പും മൊബൈലും ഫോറൻസിക് പരിശോധനക്ക് നൽകി. മുറി അകത്ത് നിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറിക്കുളളിൽ ലൈറ്റും ഫാനുമുണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെ സന്ദർശകരെ കുറിച്ചും ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും നയനയുടെ സാമ്പത്തിക ഉറവിടം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചു. ഡിസിആര്‍ബി അസി. കമ്മീഷണറുടെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുളള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്ത് നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നും തുടരന്വേഷണ സംഘത്തo വിലയിരുത്തി.
വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്‍റെ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. തുടക്കം മുതൽ അന്വേഷണം വേണമെന്നും ഇതിന്റ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്‍റെ വിലയിരുത്തൽ. ആദ്യം കിട്ടുന്ന തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അന്ന് തന്നെ നയനയുടെ മരണം ഒരു കലാപാതകമായി അന്നേ കണ്ടെത്തിയേനേ.