ഏപ്രില്‍ മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ചൈന ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 1.7 ദശലക്ഷം മെട്രിക് ടണ്‍ സ്റ്റീല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35.4 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍ ഇറക്കുമതി ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിലകുറഞ്ഞ ചൈനീസ് ഇറക്കുമതി തടയുന്നതിനായി 25 ശതമാനം സുരക്ഷാ തീരുവയോ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലിക നികുതിയോ ചുമത്തുന്നത് സ്റ്റീല്‍ മന്ത്രാലയം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.7 ദശലക്ഷം മെട്രിക് ടണ്ണിലേക്കും ഉയര്‍ന്നു. ജപ്പാനില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള ഫിനിഷ്ഡ് സ്റ്റീല്‍ ഇറക്കുമതി ഇക്കാലയളവില്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.