സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ വര്‍ക്ക് സ്പേസ് ഒരുക്കുന്ന പ്രമുഖ അമേരിക്കന്‍ കമ്പനിയായ വീവര്‍ക്ക് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു. ഒരു ഘട്ടത്തില്‍ 5000 കോടി ഡോളറായി മൂല്യം ഉയര്‍ന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിന് ഓഹരിയുടമകളുടെ സഹകരണം കമ്പനി തേടിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓഫീസ് സ്പേസ് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പോര്‍ട്ട്ഫോളിയോ വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ വര്‍ക്ക് സ്പേസ് ലൊക്കേഷനുകളെ സാമ്പത്തികബാധ്യത എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്നതിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം ബാധിച്ച അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയതായും കമ്പനി അറിയിച്ചു. തുടക്കകാലത്ത് വലിയ തോതില്‍ നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ ബാധിച്ചത്. ഒരു ഘട്ടത്തില്‍ 5000 കോടി ഡോളറായി കമ്പനിയുടെ മൂല്യം ഉയര്‍ന്നിരുന്നു. കമ്പനിയുടെ സ്ഥാപകന്‍ മുന്‍ സിഇഒ ആദം ന്യൂമാനിന്റെ അമിതമായ ചെലവഴിക്കലായിരുന്നു കമ്പനിയെ ബാധിച്ചതെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.