കരുത്തന്മാരായ കളിക്കാരുടെ കളമൊഴിയലും, നിസ്സാരക്കാരെന്ന് കരുതിയവരുടെ മികച്ച കളിയും ഫുട്ബോൾ പോരാട്ട വേദിയിൽ ഇതുവരെ നമ്മൾ കണ്ടുകഴിഞ്ഞു. അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കൊ എന്നീ ടീമുകൾ സെമിഫൈനലിലേക്ക് കടന്നിരിക്കുകയാണ്.
ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ക്രൊയേഷ്യ സെമി ഉറപ്പിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നായക മികവിൽ ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന സെമി ഫൈനലിലേക്ക് എത്തിയത്.
പ്രതിരോധക്കരുത്തുമായ് അട്ടിമറി വിജയം നേടിയാണ് മൊറോക്കോ സെമിയിൽ കടന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് കൂട്ടത്തിലെ നാലാമന്‍. ചെറുതും വലുതുമായ ടീമുകളോട് പൊരുതി വിജയിച്ചാണ് ഫ്രഞ്ച് പടയുടെ മുന്നേറ്റം.
ഡിസംബര്‍ 14 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന – ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം. ഡിസംബര്‍ 15 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് മൊറോക്കൊയെ നേരിടും. ഈ നാല് ടീമുകൾക്കും സെമിഫൈനൽ പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകൾക്കായാണ് ഈ 3 ദിവസങ്ങൾ നൽകിയിരിക്കുന്നത്. 2018 ൽ റഷ്യന്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സും ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും സെമി ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. ഫൈനലിൽ ആര് എന്ന് കാത്തിരുന്നു കാണാം.