തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളുടെ നടത്തത്തില്‍ പ്രതിഫലിക്കാം. ഓര്‍മക്കുറവു പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴാണ് ഡിമെന്‍ഷ്യ പോലുള്ള രോഗാവസ്ഥകളുടെ രോഗനിര്‍ണയം നടത്തുക. എന്നാല്‍ അതിനും മുന്‍പ് നിങ്ങളുടെ കാലുകള്‍ ആ സൂചന നല്‍കുമെന്ന് ന്യൂഡല്‍ഹി ഏംയിസ് ആശുപത്രി, ന്യൂറോസര്‍ജന്‍, ഡോ. അരുണ്‍ എല്‍ നായക് പറയുന്നു. നടത്തത്തിന്റെ വേഗത കുറഞ്ഞ പ്രായമായവരുടെ തലച്ചോറിന്റെ അളവു കുറവാണെന്നും വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നടത്തം എന്നാല്‍ ഓരോ ചുവടുകളിലും തലച്ചോര്‍ നിങ്ങളുടെ കാലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തലച്ചോറിന്റെ ഫ്രണ്ടല്‍ ലോബ് ആണ് ചലനം ആസൂത്രണം ചെയ്യുന്നത്. സെറിബെല്ലം സന്തുലിതമായി നിലനിര്‍ത്തുന്നു. സുഷുമ്‌ന നാഡി സിഗ്‌നലുകള്‍ വഹിക്കുന്നു. പാദങ്ങള്‍ തലച്ചോറിലേക്ക് തിരിച്ചും സിഗ്‌നലുകള്‍ അയക്കുന്നുണ്ട്. അതായത്, നടത്തം മന്ദഗതിയിലാവുക, അസമമാവുക അല്ലെങ്കില്‍ അസ്ഥിരമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ തലച്ചോറ് നല്‍കുന്ന പ്രാരംഭ മുന്നറിയിപ്പാകാം. നടത്തം വെറുതെ കാലുകള്‍ ചലിപ്പിക്കുക മാത്രമല്ല, ഇത് തലച്ചോറിലേക്ക് പുതിയതും ഓക്‌സിജന്‍ സമ്പുഷ്ടവുമായ രക്തം പമ്പ് ചെയ്യുന്നു. കൂടാതെ ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത്, തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. എന്നാല്‍ കൂടുതല്‍ നേരം ഇരിക്കുകയും അധികം അനങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍, രക്തയോട്ടം കുറയുന്നു. കാലക്രമേണ, തലച്ചോറ് ചുരുങ്ങാന്‍ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് നടത്തം ഹൃദയാരോഗ്യത്തിന് മാത്രമല്ല, തലച്ചോറിനും പ്രധാനമാണ്. ആരോഗ്യമുള്ള തലച്ചോറിന്റെ ലക്ഷണമാണ് കാലുകളിലെ ശക്തമായ പേശികള്‍. ദുര്‍ബലമായ കാലുകള്‍ നിങ്ങളുടെ ചലനശേഷിയെയോ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനെയോ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഓര്‍മശക്തിയെയും ബാധിക്കാം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan