ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ 32-ാമത് ഇന്‍സ്ബ്രൂക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 15-ാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉള്‍പ്പെടുത്തിയിരുന്നു. 2023 ജൂണ്‍ 7, 9 തീയതികളില്‍ ആണ് ചിത്രം ഇന്‍സ്ബ്രൂക്കിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെയ് 7ന് പതിനഞ്ചാമത് ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ‘സോണി’ എന്ന പ്രധാന വേഷത്തില്‍ വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നു. നല്ല ഒരു മാതൃകാ ക്രിസ്ത്യാനിയായ സോണി തന്റെ നാട്ടുകാര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാനും, ബുദ്ധിമുട്ടുന്ന കുട്ടികളെ അവരുടെ പഠനത്തില്‍ സഹായിക്കാനും, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും എപ്പോഴും തയ്യാറാണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത്, മനോജ് പണിക്കര്‍, ഇന്ദിര എ കെ, സജിത മഠത്തില്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.