പ്ലാറ്റ്ഫോമില്‍ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ പേഴ്‌സണല്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്. ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ അവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും പങ്കുവെക്കുന്നതിനായി രണ്ടാമതൊരു പ്രൊഫൈല്‍ സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇനി, രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു ഫേസ്ബുക്ക് ആപ്പിലൂടെ തന്നെ നാല് പ്രത്യേക പ്രൊഫൈല്‍ സൃഷ്ടിച്ച് ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം. ഓരോ പ്രൊഫൈല്‍ തെരഞ്ഞെടുക്കുമ്പോഴും വീണ്ടും ലോഗ്-ഇന്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. വളരെ വേഗത്തില്‍ പ്രൊഫൈലുകള്‍ മാറി മാറി ഉപയോഗപ്പെടുത്താം. എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈല്‍ പോലെ തന്നെ പ്രവര്‍ത്തിക്കും. കൂടാതെ, നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് യൂസര്‍മാരില്‍ നിന്ന് മറച്ചുവെക്കാനും സാധിക്കും. ഓരോ പ്രൊഫൈലിലും, ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത കമ്മ്യൂണിറ്റികളുമായോ ആളുകളുമായോ കണക്റ്റുചെയ്യാനാകും. പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കാനായി ഫേസ്ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ വിഭാഗത്തിലേക്ക് പോകുക. മുകളില്‍ ഒരു പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ കാണും. അത് തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രൊഫൈലിനായി ഒരു പേര് ചേര്‍ക്കുക. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിനായി ഒരു യൂസര്‍നെയിം ചേര്‍ക്കുക എന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് ഈ പ്രൊഫൈലിലേക്ക് സുഹൃത്തുക്കളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.