2014ല്‍ വേര്‍പിരിഞ്ഞ ഫേസ്ബുക്കും മെസ്സഞ്ചറും വീണ്ടും ഒന്നിക്കുന്നു. ആദ്യം ഒരുമിച്ചായിരുന്നെങ്കിലും മെസ്സഞ്ചര്‍ ഒരു പ്രത്യേക ആപ്പായി മാറുന്നത് ‘മികച്ച അനുഭവം’ നല്‍കുമെന്നായിരുന്നു അന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ആ തീരുമാനം ശരിവെക്കുന്ന രീതിയില്‍ മെസ്സഞ്ചര്‍ ആപ്പ് വലിയ ജനപ്രീതി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, മെറ്റ’യിപ്പോള്‍ ആ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. മെസ്സഞ്ചര്‍ ആപ്പ് ഫേസ്ബുക്കിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായി തുടങ്ങും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഒഴിവാക്കിയ ബില്‍റ്റ്-ഇന്‍ സന്ദേശമയയ്ക്കല്‍ ഓപ്ഷന്‍ ഫേസ്ബുക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരു കാരണമുണ്ട്. അമേരിക്കയിലും യൂറോപ്പിലുമടക്കം ഇപ്പോള്‍ കൗമാരപ്രായക്കാരുടെ ഫസ്റ്റ് ഓപ്ഷനായ ടിക്ടോക്കിനോട് മത്സരിക്കുന്നതിനായാണ് ഫേസ്ബുക്ക് പുതിയ മാറ്റം വരുത്തുന്നത്. ടിക്ടോക്കില്‍ നിലവില്‍ ബില്‍റ്റ്-ഇന്‍ മെസ്സേജിങ് ഓപ്ഷനുണ്ട്. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ വരുംദിവസങ്ങളിലായി എല്ലാ ഫേസ്ബുക്ക് യൂസര്‍മാരിലേക്കും എത്തും. കൗമാരപ്രായക്കാരുടെ കൊഴിഞ്ഞ് പോക്ക് ഫേസ്ബുക്കിനെ ബാധിച്ചിട്ടുണ്ടെന്നും ആപ്പ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകുമെന്നും നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.