മെര്‍ക്കുറിയുടെ സാന്നിധ്യമുള്ള ഫേസ് ക്രീമുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ക്രീമുകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നതിന് പുറമെ തലച്ചോര്‍, നാഡീവ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ പരിശോധന നടത്തിവരുന്നുണ്ട്. പെട്ടെന്ന് ഫലം കിട്ടുന്നതിന് സൗന്ദര്യ വര്‍ധക ക്രീമുകള്‍, ഐ മേക്കപ്പ്, ആന്റി ഏജിങ് ക്രീമുകള്‍ എന്നിവയില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തൊലിപ്പുറത്തെ തടിപ്പുകള്‍, നിറം മാറ്റം, ചര്‍മത്തിലെ പാടുകള്‍, ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായുണ്ടാകും. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളിലെ അപകടകരമായ വസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന കണ്‍മഷി പോലുള്ള വസ്തുക്കളില്‍ 70 പാര്‍ട്സ് പെര്‍ മില്യന്‍ വരെ മെര്‍ക്കുറി ഉപയോഗിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. മറ്റുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ 1 പിപിഎമ്മാണ് അനുവദനീയ അളവ്. മനുഷ്യ ആരോഗ്യത്തിന് ഭീഷണിയായ മെര്‍ക്കുറിയുടെ ഉപയോഗം കുറയ്ക്കണമെന്ന മിനാമാത്ത അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെര്‍ക്കുറസ് ക്ലോറൈഡ്, കലോമെല്‍, മെര്‍ക്കുറിക് അയഡൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളും ഒഴിവാക്കണം. മെര്‍ക്കുറിയുടെ തന്നെ വകഭേദങ്ങളാണിവ.