രാമായണത്തിലെ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നിവയെക്കുറിച്ച് അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ വിശദമായി തന്നെ മനസ്സിലായല്ലോ . ഇന്ന് നമുക്ക് യുദ്ധകാണ്ഡം എന്താണെന്നു നോക്കാം….!!!
രാമായണത്തിലെ യുദ്ധകാണ്ഡം വിവരിക്കുന്നത് ഇങ്ങനെയാണ്.സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു.അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. ഹനുമാന്റെ വിവരണങ്ങളിൽ നിന്നും കോട്ടകളും കിടങ്ങുകളാലും ലക്ഷക്കണക്കിന് രാക്ഷസന്മാരാലും സംരക്ഷിക്കപ്പെട്ട , ശിലായന്ത്രങ്ങളും ബാണയന്ത്രങ്ങളും കൊണ്ടു സുസജ്ജമായ ത്രികൂട പർവത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന സുവർണലങ്കയെ കുറിച്ചു രാമനു വ്യക്തമായ ചിത്രം ലഭിച്ചു.എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ ‘വിജയം’ എന്ന ശുഭമുഹൂർത്തത്തിൽ വൻപടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു.
അംഗദൻ, ഹനുമാൻ, ജാമ്പവാൻ , നളൻ, നീലൻ, ദ്വിവിതൻ , മൈന്ദൻ , പനസൻ ,ശരഭൻ, ഗജൻ, ഗവാഷൻ, സുഹേഷ്‌ണൻ, ശതബലി, വേഗദർശി, ഗന്ധമാദനൻ , വിനതൻ , കുമുദൻ , പ്ലവഗൻ എന്നീ ശക്തരായ വാനരന്മാർ നേതൃത്ത്വം നൽകുന്ന സുഗ്രീവന്റെ വാനരസൈന്യം കടലിളകി വരുന്നതുപോലെ മുന്നോട്ടു നീങ്ങി. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു , സമുദ്രം കടക്കുന്ന മാർഗങ്ങളെക്കുറിച്ചു ആലോചിച്ചു.ഹനുമാൻ ലങ്കയിൽ വരുത്തിയ നാശങ്ങൾക്കു ശേഷം രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.
രാമനുമായുള്ള യുദ്ധം അനിവാര്യമാണെന്നു മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ സീതയെ രാമനു തിരിച്ചു നൽകി യുദ്ധം ഒഴിവാക്കി രാക്ഷസകുലത്തെ രക്ഷിക്കണം എന്നഭിപ്രായപ്പെട്ട രാവണന്റെ അനുജൻ വിഭീഷണനെ രാവണനും ഇന്ദ്രജിത്തും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. കോപിഷ്ടനും നിരാശനുമായ വിഭീഷണൻ , അനിലൻ , അനലൻ , ഹരൻ , സമ്പാതി എന്നീ വിശ്വസ്തരായ നാലു സേവകരോടൊപ്പം ലങ്കയുപേക്ഷിച്ചു രാമന്റെ മുന്നിൽ എത്തി അഭയം അഭ്യർഥിച്ചു. രാമൻ വിഭീഷണനു അഭയം നൽകുക മാത്രമല്ല അദ്ദേഹത്തെ സമുദ്രജലം കൊണ്ട് അഭിഷേകം ചെയ്തു ലങ്കയുടെ രാജാവായി പ്രഖ്യാപിച്ചു.സുഗ്രീവനെ പാട്ടിലാക്കി കിഷ്കിന്ധയിലേക്ക് തിരിച്ചയക്കാൻ വേണ്ടി രാവണൻ തന്റെ വിശ്വസ്ത മന്ത്രിയായ ശുകനെ അയച്ചു.
പക്ഷി വേഷത്തിലെത്തിയ ശുകൻ ആകാശത്തു നിന്നുകൊണ്ട് സുഗ്രീവനെ വശത്താക്കാൻ ശ്രമിച്ചു .ശുകന്റെ വാക്കുകൾ കേട്ട് കുപിതനായ സുഗ്രീവൻ വാനാരന്മാരോട് അവനെ പിടികൂടാൻ പറഞ്ഞു . ശുകനെ ചാടി പിടികൂടിയ വാനരൻമ്മാർ അവനെ ഇടിക്കാനും തൊഴിക്കാനും തൂവലുകൾ പറിച്ചെടുക്കാനും തുടങ്ങി.വാനര പീഡനത്താൽ അവശനായ ശുകനെ രാമന്റെ മുന്നിൽ ഹാജരാക്കി. ശുകൻ ദൂതനായത് കൊണ്ട് അവനെ വെറുതെ വിടാൻ രാമൻ കല്പിച്ചു.വിഭീഷണന്റെ അഭിപ്രായ പ്രകാരം ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാൻ മാർഗം കാട്ടിത്തരാൻ വേണ്ടി രാമൻ മൂന്നു ദിവസം സമുദ്രതീരത്തു ദർഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവൻ പ്രത്യക്ഷപെട്ടില്ല.
കുപിതനായ രാമൻ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാൻ ഒരുങ്ങിയപ്പോൾ സാഗരദേവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും , താൻ അതു തിരമാലകൾ മൂലം ചിതറിപ്പോവാതെ പൃഷ്‌ടോപരി താങ്ങി നിർത്തികൊള്ളാമെന്നും വരുണൻ രാമനെ അറിയിച്ചു. രാമൻ തൊടുത്ത ബ്രഹ്‌മാസ്ത്രത്തെ തന്റെ വടക്കു ഭാഗത്തായി , ക്രൂരരാക്ഷസന്മാർ നിവസിക്കുന്ന ദ്രുമകല്യ എന്ന സ്ഥലം ലക്ഷ്യമാക്കി പ്രയോഗിക്കാൻ വരുണൻ അഭ്യർഥിച്ചു.വരുണദേവന്റെ നിർദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകർമ്മാവിന്റെ പുത്രനായ നളന്റെ മേൽനോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട വൻപാറകളും മുള , കടമ്പു, കരിമ്പന, കരിമരുത് , നീർമരുത്, കുടകപ്പാല തുടങ്ങിയ മരങ്ങളും കടലിലേക്ക് പറിച്ചിട്ടു.
നളന്റെയും നീലന്റെയും നേത്രത്വത്തിൽ വെറും അഞ്ചു ദിവസം കൊണ്ടു നൂറു യോജന നീളം സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിർമ്മാണം വാനരപ്പട പൂർത്തീകരിച്ചു. രാമനും വാനര സൈന്യവും സേതുമാർഗ്ഗം ലങ്കയിൽ പ്രവേശിച്ചു.ലങ്കയിലെത്തിയ രാമനും സൈന്യവും സുവേല പർവതത്തിന്റെ താഴ്വരയിൽ തമ്പടിച്ചു .വാനരസൈന്യത്തിന്റെ ശക്തിയും ബലവും എണ്ണവും ഉള്ളുകളികളും അറിഞ്ഞു വരാൻ രാവണനിർദ്ദേശത്താൽ വീണ്ടും ശുകനും ഒപ്പം സാരണനും വാനരവേഷത്തിൽ രാമന്റെ സൈന്യത്തിൽ കടന്നു കൂടി വിവരങ്ങൾ ശേഖരിക്കവേ വിഭീഷണൻ അവരെ തിരിച്ചറിഞ്ഞു പിടികൂടി രാമന്റെ മുന്നിൽ എത്തിച്ചു. വന്നകാര്യം പൂർത്തികരിച്ചു മടങ്ങാനും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിഭീഷണൻ പറഞ്ഞു തരുമെന്നും , തന്റെ ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും ഒടുങ്ങാൻ തയ്യാറാക്കുക എന്നു രാവണനെ അറിയിക്കുക എന്നും രാമൻ അവരോട് പറഞ്ഞ ശേഷം വിട്ടയച്ചു.
രാവണന്റെ മുന്നിലെത്തിയ ശുകസാരണന്മാർ നടന്നതെല്ലാം രാക്ഷസരാജനെ അറിയിച്ചു. രാമനും ലക്ഷ്മണും സുഗ്രീവനും വിഭീഷണനും നാലു പേർ മതി ലങ്കയെ നശിപ്പിക്കാണെന്നും വാനരസേന വെറും കാഴ്ച്ചക്കാരായി നോക്കി നിന്നാൽ മാത്രം മതിയെന്നും അവർ രാവണനെ അറിയിച്ചു. വാനരന്മാരുടെ ഉപദ്രമമേറ്റത് കൊണ്ടാണ് ശുകസാരണന്മാർ ഇപ്രകാരം വിഢിത്തം പറയുന്നതെന്ന് രാവണൻ പരിഹസിച്ചു. ഒരുന്നത ഗോപുരത്തിന് മുകളിൽനിന്നു കൊണ്ടു രാവണൻ വിശാലമായ വാനാരസേനയെ വീക്ഷിച്ചു. ശുകസാരണന്മാർ ഓരോ വാനരവീരൻമ്മാരെക്കുറിച്ചും രാവണനോടു വിശദീകരിച്ചു.
ഇത്രയും ആണ് യുദ്ധകാണ്ഡത്തിൽ പറഞ്ഞു പോകുന്നത്. രാമായണത്തെക്കുറിച്ച് അറിയാൻ ഇനിയും ഏറെയുണ്ട്. അവ ഓരോന്നായി അറിയാ കഥകളുടെ ഓരോ ഭാഗങ്ങളിലൂടെ നിങ്ങൾ കരിക്കിലേക്കെത്തും. കൂടുതൽ അറിവുകൾക്കായി അറിയാ കഥകൾ മുടങ്ങാതെ വായിക്കുക.