web cover 59

◾തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിനു നിര്‍ദേശം നല്‍കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി.

◾തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്പില്‍ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കല്‍ ഷാജി എന്നിവരാണ് മരിച്ചത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് ഷീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

◾ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകും. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. മഴയാണു തടസം. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൊള്ളലാഭമുണ്ടാക്കുന്ന കൂട്ടുകെട്ട് തകര്‍ക്കണം. മന്ത്രി പറഞ്ഞു.

KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷകയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വധഭീഷണി. കൈയും കാലും വെട്ടുമെന്നു കോടതി കാമ്പസില്‍വച്ചു ഭീഷണിപ്പെടുത്തിയെന്ന് അഡ്വ. ബബിലാ ഉമ്മര്‍ഖാന്‍ കോടതിയില്‍ പരാതി നല്‍കി.

◾വേമ്പനാട് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിക്കുന്നതിനിടെ കാപികോ റിസോര്‍ട്ട് മത്സ്യത്തൊഴിലാളുകളുടെ ഊന്നുവലകള്‍ നശിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഹര്‍ജി വൈകിയെന്ന പേരില്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.

◾കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ.പി ബിജുവിനെതിരെ പോലീസ് കേസെടുത്തു. ഈ മാസം ഒന്നിന് ചെറുവണ്ണൂരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഐ വനിതാ നേതാവിന്റെ പരാതി.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◾കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് തൊഴിലാളി യൂണിയന്‍ പണിമുടക്കിയാല്‍ ശമ്പളം കിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒന്നാം തീയതി അനിശ്ചിതകാല സമരം നടത്തുമെന്ന് ടിഡിഎഫ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചാം തീയതി ശമ്പളം കിട്ടുമെന്നു കരുതേണ്ടെന്ന് ആന്റണി രാജു പറഞ്ഞു.

◾ആലുവ പെരുമ്പാവൂര്‍ റോഡില്‍ വീണ്ടും കുഴിയടയ്ക്കല്‍ പണി. പെരുമ്പാവൂര്‍ മുതല്‍ തോട്ടുമുഖം വരെയാണ് കുഴിയടക്കുന്നത്. റീ ടാറിംഗ് ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസ് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

◾ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി ഭാരത് ജോഡോ യാത്രയില്‍. നിഖില്‍ പൈലിയെ യാത്രയില്‍നിന്ന് പുറത്താക്കണമെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

◾സിപിഎം സഹയാത്രികനായ കെഇഎന്‍ കുഞ്ഞഹമ്മദ് ആര്‍എംപി നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി. ആര്‍എംപി നേതാക്കള്‍ മുഖ്യസംഘാടകരായ, മാധവന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയിലാണ് കെഇഎന്‍ പങ്കെടുത്തത്. പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയ പരിപാടിയാണെന്നാണു റിപ്പോര്‍ട്ട്.

◾സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്തു നല്‍കിയ അപ്പീലാണ് തള്ളിയത്. അതേസമയം നിഷാമിന് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളി.

◾സിവിക് ചന്ദ്രന്‍ കേസിലെ ജഡ്ജി എസ് കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

◾തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടി ഭരതന്നൂര്‍ ശാന്ത (64)യെ തെരുവ് നായ കടിച്ചു. ആശുപത്രിയില്‍ ചികില്‍സ തേടി.

◾ഭാരത് ജോഡോ യാത്രയ്ക്കു പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ മൂന്നു പേരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കൊല്ലം വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍ വീട്ടില്‍ നിസാം (28) ആണ് മരിച്ചത്. നാലു പേര്‍ക്ക് പരുക്കേറ്റു.

◾വയനാട് വൈത്തിരിയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോടുനിന്ന് ബത്തേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

◾എറണാകുളം കാക്കനാട് ഫ്ളാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട സ്വദേശിയായ അലന്‍ (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ (24) എന്നിവരാണ് പിടിയിലായത്.

◾കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ് യോഗത്തില്‍ അന്തിമ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനു പിറകേ അമരീന്ദര്‍സിങ് കോണ്‍ഗ്രസ് വിട്ടു രൂപീകരിച്ച പാര്‍ട്ടിയാണ് ബിജെപിയില്‍ ലയിക്കുന്നത്.

◾ഭര്‍ത്താവിനെ അടിച്ചുകൊന്ന് കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിലായി. തമിഴ്നാട്ടിലെ ധര്‍മ്മപുരിയിലെ സൊംപെട്ടിയില്‍ മണി (30) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഹംസവല്ലി, കാമുകന്‍ സന്തോഷ് (26), സുഹൃത്ത് ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്.

◾ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു സുഖപ്രസവത്തിനു സഹായവുമായി മെഡിക്കല്‍ വിദ്യാര്‍ഥിനി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് പൊന്നം ഗ്രാമത്തിലെ സത്യവതി എന്ന യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ട്രെയിനില്‍ യാത്രക്കാരിയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി സ്വാതി റെഡ്ഡി പ്രസവത്തിനു രക്ഷകയായി.

◾ബീഹാറിലെ ബെഗുസാരായിയില്‍ ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ജനലിലൂടെ അപഹരിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈ യാത്രക്കാര്‍ പിടിച്ചുവച്ചു. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങി. ട്രെയിനിന്റെ ജനാലയില്‍ യാത്രക്കാര്‍ പിടിച്ചുവച്ച കൈയില്‍ തൂങ്ങിക്കിടന്ന് കള്ളന്‍ യാതചെയ്തത് നിലവിളിയോടെ. 15 കിലോമീറ്റര്‍ അകലെയുള്ള അടുത്ത സ്റ്റേഷനായ ഖഗാരിയില്‍ ട്രെയിന്‍ നിര്‍ത്തിയതോടെ മോഷ്ടാവായ പങ്കജ് കുമാറിനെ പോലീസിനു കൈമാറി.

◾മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം ലഭിച്ചത്.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36640 രൂപയാണ്. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

◾എഡ്യുടെക് ഭീമനായ ബൈജൂസ് പ്രതിസന്ധിയിലെന്നു സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്പനിയുടെ നഷ്ടം. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ ഇരുപതോളം കമ്പനികളെയാണ് ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍.

◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ധനുഷ് ചിത്രം ‘നാനേ വരുവേന്റെ’ ടീസര്‍ പുറത്തുവിട്ടു. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആകുമെന്നാണ് ടീസര്‍ പറഞ്ഞുവയ്ക്കുന്നത്. ധനുഷിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നു. നിഗൂഢതയും ആകാംക്ഷയും സസ്പെന്‍സും നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററില്‍ എത്തും.’നാനേ വരുവേന്‍’ കേരളത്തില്‍ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ആണ്. ഇന്ദുജയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

‘◾ബ്രഹ്‌മാസ്ത്ര’ ബോളിവുഡിന്റെ രക്ഷയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ‘ബ്രഹ്‌മാസ്ത്ര’ ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷന്‍ ആണ് നേടിയത്. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘ബ്രഹ്‌മാസ്ത്ര’ എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

◾ലോക ഇവി ദിനത്തോടനുബന്ധിച്ച് ടിയാഗോ ഇവി ഉടന്‍ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. നെക്‌സോണിനും ടിഗോറിനും ശേഷം ടാറ്റ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇവിയാണ് ടിയാഗോ ഇവി. വാഹനം സെപ്റ്റംബര്‍ 28 ന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. നീലയില്‍ കലര്‍ന്ന ഒരു പുതിയ ബാഹ്യ നിറം പ്രതീക്ഷിക്കാം. 41 എച്ച്പിയും 105 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ടിഗോര്‍ എക്സ്-പ്രസ് ടി വരുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമായാണ് ഇത് വരുന്നത്. 16.5 കി.വാട്ട് പതിപ്പ് 165 കിലോമീറ്റര്‍ ക്ലെയിം ചെയ്ത ശ്രേണിയും 21.5 കി.വാട്ട ബാറ്ററി പായ്ക്ക് 213 കിലോമീറ്റര്‍ ക്ലെയിം ചെയ്ത ശ്രേണിയും നല്‍കുന്നു.

◾കുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവല്‍. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പര്‍ശങ്ങള്‍. തന്റെ കാര്‍ഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛന്‍, ആരോഗ്യം നഷ്ടപ്പെട്ടപ്പോള്‍ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വര്‍ത്തമാനകാലത്തിന്നൊരു എതിര്‍പാഠമാണ്. ഉത്തമനായ ഒരു അച്ഛന്‍ എങ്ങനെയായിരിക്കണം എന്ന് ബോദ്ധ്യപ്പെടുത്തുന്ന കൃതി. ‘പറഞ്ഞുതീരാത്തത്’. ഗ്രീന്‍ ബുക്സ്. വില 200 രൂപ.

◾സാധാരണ ഗതിയില്‍ കൊളസ്ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തില്‍ ഉയരുന്നത് നിശ്ശബ്ദമായിട്ടായിരിക്കും. ധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുമ്പോള്‍ മാത്രമായിരിക്കും പലരും തങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടുതലാണെന്ന് അറിയുന്നതുതന്നെ. കൊളസ്ട്രോള്‍ ധമനികളില്‍ കെട്ടിക്കിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയെ അതെറോസ്‌ക്ളീറോസിസ് എന്ന് പറയുന്നു. ഇത് ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കുന്നു, പ്രത്യേകിച്ച് കാലുകളിലേക്ക് ഉള്ളത്. ഈ അവസ്ഥയ്ക്ക് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പിഎഡി എന്നാണ് പറയുക. ഇതിന്റെ ഭാഗമായി ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അതി കഠിനമായ വേദന അനുഭവപ്പെടാം. അരക്കെട്ടിലും തുടകളിലും കാലിന് പിന്‍ഭാഗത്തെ പേശികളിലും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് മൂലം വേദനയുണ്ടാകുമെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. കാലുകളിലേക്ക് ആവശ്യത്തിന് രക്തമെത്താത്തിനെ തുടര്‍ന്നുണ്ടാകുന്ന ഈ വേദന നടക്കുമ്പോഴോ ഓടുമ്പോഴോ പടികള്‍ കയറുമ്പോഴോ അസഹനീയമാകാം. ദൈനംദിന ജീവിതത്തെയും ജീവിതത്തിന്റെ നിലവാരത്തെയും ബാധിക്കുന്ന തരത്തിലേക്ക് ഈ വേദന മാറാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അനാരോഗ്യകരവും അലസവുമായ ജീവിതശൈലി, ചില രോഗാവസ്ഥകള്‍, മരുന്നുകള്‍ എന്നിവയെല്ലാം ശരീരത്തിലെ കൊളസ്ട്രോള്‍ ഉയരാന്‍ കാരണമാകാം. സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും ട്രാന്‍സ്ഫാറ്റിന്റെയും അളവ് കുറച്ച് കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഫൈബര്‍ സമ്പന്നമായ ധാന്യങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. നിത്യവും അരമണിക്കൂര്‍ നടപ്പ് പോലുള്ള വ്യായാമങ്ങളും ശീലമാക്കണം. പുകവലി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും വേണം. അമിതഭാരം വരാതെ ശരീരത്തെ എപ്പോഴും ഫിറ്റാക്കി വയ്ക്കാനും ശ്രദ്ധിക്കണം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.79, പൗണ്ട് – 90.77, യൂറോ – 79.50, സ്വിസ് ഫ്രാങ്ക് – 82.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.27, ബഹറിന്‍ ദിനാര്‍ – 211.67, കുവൈത്ത് ദിനാര്‍ -258.10, ഒമാനി റിയാല്‍ – 207.27, സൗദി റിയാല്‍ – 21.24, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.92, കനേഡിയന്‍ ഡോളര്‍ – 60.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *