◾തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി. വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനു പത്തു ലക്ഷം വാക്സിന്‍ എത്തിച്ചു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ടെന്ന് ഏകദേശ കണക്കു മാത്രമേ സര്‍ക്കാരിനുള്ളൂ. തെരുവുനായ് ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകള്‍ കണ്ടെത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ കടിച്ചത്. ഈ വര്‍ഷം എട്ടു മാസം പിന്നിട്ടപ്പോഴേക്കും കടിയേറ്റത് 1.84 ലക്ഷം പേര്‍ക്കാണ്.
◾കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം കെപിസിസി പാസാക്കി. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ് എന്നിവര്‍ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയാഗാന്ധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. മത്സരം ഇല്ലാതെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരാനാണു ധാരണ.
◾നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലും സര്‍വകലാശാലാ നിയമഭേദഗതി ബില്ലും അടക്കമുള്ളവ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലെത്തി. 18 ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണു കേരളം.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾താന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും പാലിച്ചുമാത്രമേ ബില്ലുകള്‍ ഒപ്പിടൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
◾ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനു പരിക്ക്. 22 ദിവസംമുമ്പ് പത്തു ലക്ഷം രൂപ മുടക്കി കുഴിയടച്ച റോഡാണിത്. എന്നാല്‍ ഈ റോഡിനു താല്‍കാലിക പാച്ച് വര്‍ക്ക് മതിയാവില്ലെന്നു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന് 24 മീറ്റര്‍ വീതി വേണമെന്ന കിഫ്ബി നിര്‍ദേശം അംഗീകരിക്കാതെ 16 മീറ്റര്‍ മതിയെന്ന നാട്ടുകാരുടെ നിലപാട് അംഗീകരിക്കാനാവാത്തതിനാലാണ് റോഡിന്റെ പണി അനിശ്ചിതത്തിലായതെന്നും മന്ത്രി.
◾ആലുവ- പെരുമ്പാവൂര്‍ റോഡിലെ അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്താതെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. റോഡില്‍ പത്തിലേറെ സ്ഥലത്ത് കുഴികളുണ്ടെന്നും കരാര്‍ പ്രകാരമുള്ള 11.7 കിലോ മീറ്റര്‍ ജോലി മുഴുവന്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡില്‍ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ബില്ലുകള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ കേസില്‍ പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വിധി പറയും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ അടക്കം അഞ്ചു പേരാണ് ജാമ്യപേക്ഷ നല്‍കിയത്. പ്രതികള്‍ സമൂഹത്തിന് നന്മ ചെയ്യുന്നവരാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ നിന്നു ഭീഷണിയുണ്ടെന്നാണു സെക്യൂരിറ്റി ജീവനക്കാരുടെ വാദം.
◾അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ ഇരുപത്തൊമ്പതാം സാക്ഷി സുനില്‍കുമാറിന്റെ നേത്ര പരിശോധനാ ഫലം ഇന്ന് കോടതിയില്‍ ഹാജരാക്കും. മധുവും സുനിലും പ്രതികളും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച് ഇയാളുടെ കാഴ്ച ശക്തി പരിശോധിച്ചു. കാഴ്ചശേഷിയുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
◾അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
◾തൃശൂര്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീമംഗം മരിച്ചു. കാട്ടാനകളെ തുരത്താനായി എത്തിയ സംഘത്തിലെ വയനാട് സ്വദേശി ഹുസൈന്‍ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു.
◾പാലക്കാട്ട് എലപ്പുള്ളിയിലെ കൃഷിയിടത്തില്‍ യുവാവ് പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മരിച്ചത്. കെണി വച്ച നാട്ടുകാരന്‍ ദേവസഹായം കസബ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
◾കൊല്ലത്ത് പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജനും ഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്പതികളുടെ മകളുമായ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്.
◾ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കള്ള് ഷാപ്പില്‍ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കല്‍ വീട്ടില്‍ ജോബിക്ക് (41) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു സമീപത്തേക്ക് ഓടിയെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ എത്തിയപ്പോള്‍ നായ ഓടിയെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.
◾ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ അഞ്ചു തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനക്കയക്കും. നാവിക സേനയുടെ തോക്കില്‍ നിന്നാണോ വെടിയേറ്റതെന്നാണ് പരിശോധിക്കുന്നത്.
◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷണം തരാത്തതിനു സര്‍ക്കാരിനെതിരേ അദാനി ഗ്രൂപ്പ് നല്‍കി കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
◾നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫാണ് കൈയാങ്കളി നടത്തിയതെന്ന വിചിത്ര വാദവുമായി പ്രതിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍. സംഘര്‍ഷം തുടങ്ങിയത് യുഡിഎഫാണ്. എല്‍ഡിഎഫ് അംഗങ്ങള്‍ അക്രമങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തി. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. ജയരാജന്‍ ആരോപിച്ചു.
◾ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ നിയമന ഉത്തരവ് നല്‍കി കോടികളുടെ തട്ടിപ്പ്. മുഖ്യപ്രതി വിനീഷിനെ സഹായിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടത്തി. വൈക്കം ക്ഷേത്രകലാ പീഠത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
◾വാളയാര്‍ പീഡന കേസിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐയുടെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിനുള്ള പോക്സോ കോടതിയുടെ ഉത്തരവ് പെണ്‍കുട്ടികളുടെ കുടുംബത്തിനു ലഭിച്ചു. പൊലീസിന്റെ റിപ്പോര്‍ട്ടുതന്നെയാണ് സിബിഐ ആവര്‍ത്തിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
◾യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തെത്തിക്കാന്‍ ശ്രമിച്ച രണ്ടു വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ് പിടിയില്‍. വിമാന കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍നിന്നു വന്ന വയനാട് സ്വദേശിയായ അസ്‌കറലിയുടെ പെട്ടി പുറത്തെത്തിക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.
◾സോളാര്‍ തട്ടിപ്പുകാരിയെ ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയില്‍ ചിലര്‍ക്കെതിരേ അന്വേഷണം നടത്തിയില്ലെന്ന പുതിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
◾കോഴിക്കോട് അടിവാരം വള്ളിയോട് ഒരു വീടിന്റെ ചുമരില്‍ വെടിയുണ്ട പതിച്ചു. വള്ളിയോട് സ്വദേശി മണിയന്‍ എന്നയാളിന്റെ വീടിനാണ് വെടിയേറ്റത്. മുറ്റത്തുനിന്ന് നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. കാട്ടുപന്നി ശല്യമുള്ള ഇവിടെ ആരോ പന്നിയെ വെടിവെച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം.
◾എറണാകുളത്തുനിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയേയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പാലോട് സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇവര്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അനുജന്‍ ഇന്നലെത്തന്നെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
◾പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കാസര്‍കോട് ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയും പിടിഎ പ്രസിഡന്റുമായ ടി ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാഘോഷത്തിനിടെ കൈയില്‍ കയറി പിടിച്ചെന്നാണു പരാതി.
◾ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആക്രമിച്ചു. ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു. തീരദേശ പരിപാലന ചട്ടലംഘനത്തിനു കോടതി ഉത്തരവനുസരിച്ചാണ് 54 വില്ലകള്‍ അടങ്ങുന്ന നിര്‍മിതികള്‍ പൊളിക്കുന്നത്. റിസോര്‍ട്ട് കയ്യേറിയ മൂന്നു ഹെക്ടറോളം ഭൂമി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. .
◾ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. അയല്‍വാസിയായ ഒരു സ്ത്രീയേയും ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സുഹൈല്‍, ജുനൈദ് എന്നീവരടക്കം ആറു പേരെയും അറസ്റ്റുചെയ്തു. വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ജുനൈദിനെ കാലില്‍ വെടിവച്ചു വീഴ്ത്തിയാണ് അറസ്റ്റു ചെയ്തത്.
◾സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടറെയാണ് കുരാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 39 കാരിയായ പൊലീസ് ഇന്‍സ്പെക്ടറാണ് പരാതിക്കാരി.
◾സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ബാര്‍ കൗണ്‍സില്‍. സുപ്രീം കോടതി ജഡ്ജിമാരുടേത് 65 ല്‍ നിന്ന് അറുപത്തേഴായും ഹൈക്കോടതി ജഡ്ജിമാരുടേത് 62 ല്‍ നിന്ന് 65 ആയും ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
◾ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകിട്ട് ഉസ്ബെക്കിസ്ഥാനിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. ചില നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു.
◾പതിനേഴുകാരിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്തു. ഹൈദരാബാദില്‍ ഒയോ റൂമില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ അറസ്റ്റു ചെയ്തു.
◾ഗോവയില്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്നവവര്‍ക്ക് മന്ത്രിസ്ഥാനം. മന്ത്രിസഭാ വികസന വികസനത്തിനു മുഖ്യമന്ത്രി പ്രമോദ്, ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി.
◾യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ ഉണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യന്‍ സേനയില്‍നിന്നു തിരിച്ചുപിടിച്ച ഇസിയം നഗരം സന്ദര്‍ശിച്ച് മടങ്ങവേ ഒരു വാഹനം അദ്ദേഹം സഞ്ചരിച്ച കാറില്‍ അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു.
◾തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,120 രൂപയായി. ഇന്നലെ പവന്‍ വില 280 രൂപ താഴ്ന്നിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
◾കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട ലേല നടപടികളിലേക്ക് ഉടന്‍ കടക്കും. നിക്ഷേപകരില്‍നിന്ന് ഇതിനായി താത്പര്യപത്രം ഉടന്‍ ക്ഷണിക്കും. ഐ ഡി ബി ഐ ബാങ്കില്‍ 45.48 ശതമാനം ഓഹരികളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. 94 ശതമാനത്തോളം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും പക്കലാണ്. ഇതില്‍ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും പിന്നീട് തീരുമാനമെടുക്കും.
◾ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം തുടങ്ങി. ‘കഠിന കഠോരമീ അണ്ഡകടാഹം” എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ്. ഹര്‍ഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
◾തമിഴകത്ത് പുത്തന്‍ സിനിമാനുഭവം സമ്മാനിച്ചതാണ് ‘വിക്രം വേദ’. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പുഷ്‌കര്‍- ഗായത്രി ദമ്പതിമാര്‍ തിരക്കഥയുമെഴുതിയ ‘വിക്രം വേദ’ ഹിന്ദിയിലേക്കും എത്തുകയാണ്. സെപ്തംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണ്. ഹിന്ദിയില്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി 2023 ഇസെഡ്900 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.93 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. മോട്ടോര്‍സൈക്കിളിന് മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളൊന്നും ലഭിച്ചിട്ടില്ല. പകരം, പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളുടെ രൂപത്തില്‍ കോസ്മെറ്റിക് അപ്ഗ്രേഡുകള്‍ ഉണ്ട്. മെറ്റാലിക് കാര്‍ബണ്‍ ഗ്രേയ്‌ക്കൊപ്പം മെറ്റാലിക് ഫാന്റം സില്‍വറും മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേയ്‌ക്കൊപ്പം എബോണിയും ഉണ്ട്. രണ്ട് നിറങ്ങള്‍ക്കും ഒരേ വിലയാണ് കാവസാക്കി ഈടാക്കുന്നത്.
◾സ്വപ്നവും സത്യവും കൃത്യമായി വേര്‍തിരിക്കാനാവാത്ത ബാല്യത്തിന്റെ ജന്മസന്ധികളില്‍ അവ നാഗമാണിക്യവും ശിരസ്സിലേറ്റി ശിവലോകം തേടിപ്പറന്നു.
‘ഉണ്ണിയെങ്ങനെ പാമ്പുണ്ണിയായി’. പി.കെ ഉണ്ണിക്കൃഷ്ണന്‍. ക്ലിക്ക് കമ്മ്യൂണിക്കേഷന്‍സ്. വില 133 രൂപ.
◾യൂറിക് ആസിഡ് കൂടുന്ന അവസ്ഥ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ സാധാരണ ഗതിയില്‍ ഏകദേശം 3 മുതല്‍ 7ശതമാനം വരെയാണ് യൂറിക് ആസിഡ് കാണാറുള്ളത്. സ്ത്രീകളില്‍ ഇത് പുരുഷന്മാരെക്കാള്‍ കുറവായിരിക്കണം. എന്നാല്‍ യൂറിക് ആസിഡ് 5,6 ശതമാനത്തിലെത്തുമ്പോള്‍ ഓരോ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായി തുടങ്ങും. 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന അതികഠിനമായ വേദനയും നീര്‍ക്കെട്ട്, വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയും ഉണ്ടാകുന്നു. ഈ വേദന പലപ്പോഴും മൂന്ന് മുതല്‍ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലിലാണ് ആദ്യം ഇതുണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകള്‍ എന്നിവയിലേക്കും ആ വേദന വ്യാപിക്കാം, ചില ആളുകളില്‍ വേദനയോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാറില്ല. ഇത്തരം ആളുകള്‍ക്ക് ചികിത്സ ആവശ്യമില്ല. എന്നാല്‍ ഇവര്‍ക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. പെരുവിരലിന്റെ ചുവട്ടില്‍ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. എന്നാല്‍ ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമാകാം. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ദിവസം 2-3 ലിറ്റര്‍വെള്ളം കുടിക്കുക. അതിലൂടെ യൂറിക് ആസിഡ് വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.70, പൗണ്ട് – 91.86, യൂറോ – 79.60, സ്വിസ് ഫ്രാങ്ക് – 82.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 211.45, കുവൈത്ത് ദിനാര്‍ -257.93, ഒമാനി റിയാല്‍ – 207.04, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 60.54.