web cover 38

തെരുവുനായ ശല്യം പരിഹരിക്കാന്‍ വന്ധ്യംകരണത്തിന് 152 ബ്ലോക്കു പഞ്ചായത്തുകളില്‍ എബിസി സെന്ററുകള്‍ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കര്‍മ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. (ഈ ലോകം ആരുടേതാണ്? ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/_HIISe_ONuI )

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു തിരുവനന്തപുരം ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ രാവിലെ മുതല്‍ രാഹുലിനൊപ്പം നടന്നു. നെയ്യാറ്റിന്‍കരയില്‍ സ്വാതന്ത്ര്യ സമര സേനാനി ജി. രാമചന്ദ്രന്റെ വസതിയിലാണ് ഉച്ചയോടെ യാത്ര സമാപിച്ചത്. വൈകുന്നേരം നേമത്താണു യാത്ര സമാപിക്കുക.

വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷമാകും കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്ന് കണ്ടു. മറ്റു സമര സമിതി നേതാക്കളെ നാളെ കാണുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയാറാം രമേശ്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

പൊതുജനങ്ങളുടെ അന്ത്യോപചാരങ്ങളേറ്റു വാങ്ങി എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് എഡിന്‍ബര്‍ഗിലേക്ക്. സ്‌കോട്ട്ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍നിന്ന് റോഡ് മാര്‍ഗമാണ് അവിടെ എത്തിക്കുന്നത്. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈ മാസം പത്തൊന്‍പതിന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയിലാണ് സംസ്‌കാരം. ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

കെ ഫോണ്‍ പദ്ധതിക്കു കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ നല്‍കിയ കരാറുകളില്‍ ക്രമക്കേടുകള്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാന്‍ നല്‍കിയ ഉപകരാറുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കമ്പനി സംസ്ഥാനത്തെ ഓഫീസ് തന്നെ അടച്ചുപൂട്ടി. ഭാരത് ഇലട്രോണിക്സും എസ്ആര്‍ഐടിയും റെയില്‍ ടെല്‍ കോര്‍പ്പറേഷനും എല്‍എസ് കേബിളും അടക്കം നാലു കമ്പനികളുടെ കണ്‍സോഷ്യത്തിനാണ് കെ ഫോണിന്റെ നടത്തിപ്പു ചുമതല നല്‍കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരം ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പു പാര്‍ട്ടിയെ ശക്തമാക്കുമെന്നും ശശി തരൂര്‍ എംപി. വോട്ടര്‍പട്ടിക വേണമെന്ന തന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മൂന്നാം റാങ്ക് മലയാളിയായ തോമസ് ബിജു ചീരംവേലിന്. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു. ഒന്നാം റാങ്ക് നേടിയ ആര്‍ കെ ശിശിറിന് 360 ല്‍ 314 മാര്‍ക്കുണ്ട്.

ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ ഇന്നു പുലിക്കളി. വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ നഗര്‍ എന്നീ അഞ്ചു സംഘങ്ങളിലായി മുന്നൂറോളം പുലി കലാകാരന്മാരാണ് പുലികളിക്കുള്ളത്. പെണ്‍പുലികളും കുട്ടിപ്പുലികളും ഉണ്ടാകും. ഓരോ സംഘത്തിലും 50 മുതല്‍ 70 വരെ പുലികളുണ്ടാകും. വൈകുന്നേരം പുലിക്കളി നടക്കുന്നതിനാല്‍ ഉച്ചമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 50 പള്ളിയോടങ്ങള്‍ പമ്പയാറ്റില്‍ ആറന്മുള ശൈലിയില്‍ തുഴയെറിയും. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് വള്ളംകളി.

രണ്ടു ദിവസത്തേക്കു വ്യാപകമായ മഴക്കു സാധ്യത. മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസം ഈ സ്ഥിതി തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ‘ശക്തി കൂടിയ ന്യുന മര്‍ദ്ദം’ ഒഡിഷ തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദമായിട്ടുണ്ട്.

ചെന്നിത്തലയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കിട്ടിയത്. വള്ളം മറിത്ത സ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപമായിരുന്നു മൃതദേഹം. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അപകടകാരണം വ്യക്തമാകാത്തതിനാല്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രീകരിച്ച് അന്വേഷണവുമായി പോലീസ്. ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നാകാം വെടിയുതിര്‍ത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയുടേയും നിഗമനം. നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേസമയം, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.

തൃശൂര്‍ തലോരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തൃക്കൂരില്‍ താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്.

കോട്ടയത്തെ ആകാശപാത പൊളിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസല്‍. പദ്ധതി അനിശ്ചിതത്വത്തിലായത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പിടിവാശി കാരണമെന്ന് സിപിഎം കുറ്റപ്പെടുത്തി.

രാഹുല്‍ഗാന്ധി ധരിക്കുന്നത് വിദേശി ടി ഷര്‍ട്ടല്ല, തിരുപ്പൂരില്‍നിന്നു വാങ്ങിയവയാണെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെ.എസ്. അഴഗിരി. 41,000 രൂപയുടെ വിദേശ ടി ഷര്‍ട്ടാണെന്ന് ബിജെപി ആരോപിച്ചിരിക്കേയാണ് ഈ വെളിപെടുത്തല്‍. യാത്രയ്ക്കായി ഇരുപതിനായിരം ടി ഷര്‍ട്ടുകള്‍ തിരുപ്പൂരില്‍നിന്ന് വാങ്ങിയെന്നും ഇതില്‍ നാലെണ്ണം രാഹുലിനു നല്‍കിയെന്നുമാണു വെളിപെടുത്തല്‍.

സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി എത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും തമിഴ്നാട്ടിലെ സേലത്ത് അറസ്റ്റില്‍. എടപ്പാടി സ്വദേശി വേല്‍സത്തിരന്‍, വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണു തമിഴ്നാട് പോലീസിന്റെ പിടിയിലായത്. മുന്നൂറോളം പേരുടേയും ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ലോഫ്ളോര്‍ ബസുകള്‍ വങ്ങിയതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ഗവര്‍ണറുടെ ശുപാര്‍ശ. ആയിരം ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ചുള്ള ഗവര്‍ണറുടെ ശുപാര്‍ശയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബസ് വാങ്ങിയതും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.

കര്‍ഷകരും സാധാരണക്കാരും ദുരിതത്തിലാണെന്നും വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ ജാതീയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകഷ്മീര്‍ സ്വദേശി ഗുലാം അലിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നോമിനിറ്റ് ചെയ്തു. ഗുര്‍ജ്ജര്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് രാജ്യസഭയില്‍ എത്തുന്ന ആദ്യത്തെയാളാണ് ഗുലാം അലി.

തായ്‌ലന്‍ഡില്‍നിന്ന് കടത്തിയ അഞ്ചു പെരുമ്പാമ്പുകളുമായി ഡിണ്ടിഗല്‍ സ്വദേശി വിവേക് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ പെരുമ്പാമ്പുകളെയാണ് കടത്തിക്കൊണ്ടുവന്നത്. ഇവയ്ക്ക് 50 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ്.

സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയതായിരുന്നു മന്ത്രി. ഇന്ത്യന്‍ എംബസിയില്‍ നടന്ന സംവാദ പരിപാടിയില്‍ പ്രവാസികളാണ് ഈ വിഷയം ഉന്നയിച്ചത്.

തെലുങ്കു നടനും രാഷ്ട്രീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യു.വി കൃഷ്ണം രാജു അന്തരിച്ചു. 83 വയസായിരുന്നു. രോഗം മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ പോക്സോ കേസ് പരസ്പരം ഒത്തുതീര്‍പ്പിലെത്തിയാല്‍ റദ്ദാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം. നാഗപ്രസന്ന. പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ ഒളിച്ചോടിയ കേസില്‍ ആണ്‍കൂട്ടിക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര ഹോട്ട്സ്പ്രിംഗ്സ് മേഖലയില്‍നിന്നുള്ള സേനാ പിന്‍മാറ്റം നാളെ പൂര്‍ത്തിയാകും. ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയനുസരിച്ചു സൈന്യം മാത്രമല്ല, താല്‍ക്കാലികമായി പണിതുയര്‍ത്തിയ ബങ്കറുകളും താവളങ്ങളും ഇരു രാജ്യങ്ങളും പൊളിച്ച് നീക്കും. നടപടികള്‍ക്കായി കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ലഡാക്കില്‍ എത്തിയിരുന്നു.

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നതടക്കമുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി അമേരിക്ക 4500 ലക്ഷം ഡോളര്‍ വായ്പ നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ ഭാഗമായ പാക്കിസ്ഥാനെ സഹായിക്കുന്നതു ശരിയല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യ അറിയിച്ചു.

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ റാങ്കിംഗിന്റെ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനത്തെത്തിയ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയ് വിവാഹിതനാവുന്നു. തിരുവല്ല സ്വദേശി ശ്വേതയാണ് വധു. ചൊവ്വാഴ്ചയാണ് വിവാഹം. വധുവിനൊപ്പമുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രണോയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്കിന് യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ടുണീഷ്യയുടെ ഓന്‍സ് ജാബൂറിനെ തോല്‍പ്പിച്ചാണ് ഇരുപത്തൊന്നുകാരിയായ ഇഗ ചാംപ്യനായത്. ഇഗ നേരത്തെ രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ അറബ് വനിതയെന്ന അഭിമാന നേട്ടത്തോടെയാണു ഓന്‍സ് ജാബൂറിന്റെ മടക്കം.

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് പാകിസ്ഥാന്‍- ശ്രീലങ്ക ഫൈനല്‍. രാത്രി ഏഴരയ്ക്ക് ദുബായിലാണ് ഫൈനല്‍ മത്സരം. സൂപ്പര്‍ഫോറില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് ശ്രീലങ്ക കലാശപ്പോരിനെത്തുന്നത്.

ടി 20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, പരിക്കുമൂലം ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഫിറ്റ്നെസ് ടെസ്റ്റ് പാസായി. ഇന്നലെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു കായിക്ഷമതാ പരിശോധന.

കേന്ദ്രസര്‍ക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം നടപ്പുസാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 35.5 ശതമാനം വര്‍ദ്ധിച്ച് 6.48 ലക്ഷം കോടി രൂപയിലെത്തി. നികുതി റീഫണ്ടായി നല്‍കിയത് 1.19 ലക്ഷം കോടി രൂപയാണെന്നും 65.3 ശതമാനമാണ് വര്‍ദ്ധനയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതിയിനത്തില്‍ 14.20 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ 7.2 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിയായും 7 ലക്ഷം കോടി രൂപ വ്യക്തിഗത ആദായനികുതി, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി എന്നിവയായും പ്രതീക്ഷിക്കുന്നു.

ഉത്സവകാലം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേകനിരക്കുകള്‍ പ്രഖ്യാപിച്ച് സി.എസ്.ബി ബാങ്ക്. എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലെ എഫ്.സി.എന്‍.ആര്‍ – ബി നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം വരെയുമാണ് പരിമിതകാലത്തേക്ക് ലഭ്യമാക്കുന്നത്. നിരവധി മൂല്യാധിഷ്ഠിത സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി നടപ്പാക്കാന്‍ ബാങ്ക് ഒരുങ്ങുകയാണ്.

അനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. സെപ്റ്റംബര്‍ 16 ആണ് റിലീസ് തീയതി. തിയറ്ററുകളില്‍ എത്തിയ ആദ്യ ചിത്രം പത്മ ആയിരുന്നു.

പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ്ധ സ്റ്റെഫി സേവ്യര്‍ സംവിധായികയുടെ കുപ്പായം അണിയുന്നു. ഷറഫുദ്ദീനും, രജിഷ വിജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അന്‍പതില്‍പ്പരം ചിത്രങ്ങള്‍ക്കു വസ്ത്രാലങ്കാരം ഒരുക്കിയ സ്റ്റെഫിക്ക് ഗപ്പി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് സ്റ്റെഫി അവസാനം കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചത്. ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഖദ, ബിജു സോപാനം, ബിന്ദുപണിക്കര്‍, ആശ ബൈജു എന്നിവരോടൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. സെപ്തംബര്‍ 19ന് പത്തനംതിട്ടയില്‍ ചിത്രീകരണം ആരംഭിക്കും. പത്തനംതിട്ട ജില്ലയുടെ സംസ്‌കാരവും ഭാഷയും ആചാരങ്ങളും കോര്‍ത്തിണക്കി നര്‍മ്മത്തില്‍ കുടുംബകഥയായി ഒരുക്കുന്ന ചിത്രത്തിന് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് രചന.

ടൊയോട്ടയുടെ ചെറു എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുടെ വില പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന നാലു വകഭേദങ്ങളുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ട്രോങ് ഹൈബ്രിഡിന്റെ മൂന്ന് വകഭേദങ്ങളുടേയും മൈല്‍ഡ് ഹൈബ്രിഡിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിന്റേയും വിലയാണ് പ്രഖ്യാപിച്ചത്. സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് വില. മൈല്‍ഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക്ക് 2 വീല്‍ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷം രൂപയാണ്. ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

തലമുറകള്‍ സംഗമിക്കുന്ന കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. ‘പുതുകാല കഥ’. എഡിറ്റര്‍: സോക്രട്ടീസ് കെ. വാലത്ത്. എച്ച് & സി ബുക്സ്.

ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ലഭിക്കും. സൂര്യപ്രകാശമേല്‍ക്കലാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാര്‍ഗം. രാവിലെ പത്തിനും മൂന്നു മണിയ്ക്കുമിടയ്ക്കുളള നന്നായി വെയില്‍ കൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കണം. മുട്ടയുടെ മഞ്ഞക്കരു, മത്സ്യങ്ങള്‍ (മത്തി, അയല പോലുള്ള കൊഴുപ്പുള്ളവ), മീന്‍മുട്ട, മീനെണ്ണ, പാല്‍, പാലുത്പന്നങ്ങള്‍, വെണ്ണക്കട്ടി, ഓറഞ്ച്, സോയാബീന്‍ എന്നിവയില്‍ ധാരാളം വിറ്റാമിന്‍ ഡി ഉണ്ട്. ശരീരവേദന, മുടികൊഴിച്ചില്‍, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങള്‍ക്കും ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *