◾നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. നിയമാനുസൃതവും നിയമവിരുദ്ധവുമായ ലോണ്‍ ആപ്പുകളുടെ പട്ടിക തരംതിരിച്ച് തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധ ആപ്പുകളെ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. റേസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
◾ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് മൂന്നു മരണം. കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്. അമ്പതിലധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാത്ത കേന്ദ്ര നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാതെ, വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടത് വിധി അംഗീകരിച്ചതിനു സമാനമാണെന്ന വ്യാഖ്യാനമുണ്ട്. കേന്ദ്രം പുനപരിശോധനാ ഹര്‍ജിയാണു നല്‍കിയതെന്നാണു ധരിച്ചിരുന്നതെന്നു സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
◾വിഴിഞ്ഞത്തു വീടും സ്ഥലവും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ലത്തീന്‍ അതിരൂപത നയിക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെസിബിസി. 18 ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്ന് അദാനി തുറമുഖത്തേക്ക് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് നടത്തും. ഈ മാസം 14 മുതല്‍ 18 വരെ മൂലമ്പള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തു.
◾എ.കെ.ജി സെന്ററിനുനേരെ പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ അന്വേഷണമെന്നു ക്രൈംബ്രാഞ്ച്. കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പടക്കമെറിഞ്ഞതെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾തൃശൂരില്‍ ഓണത്തോടനുബന്ധിച്ചുള്ള പുലികളി നാളെ. എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ഭാഗമായി നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയാണ് പുലിക്കളി നടത്തുന്നത്.
◾അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.
◾ലാവലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വി.എം. സുധീരന്റെ അപേക്ഷ ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ ലാവ്ലിന്‍ കേസ് പരിഗണിക്കൂ.
◾
◾രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍. പദ്ധതി ഈ മാസം അവസാനിപ്പിക്കാനിരിക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. രാജ്യത്ത് 71 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2020 ല്‍ മൂന്നു മാസത്തേക്കു തുടങ്ങിയ പദ്ധതിയാണിത്.
◾ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മിന്നല്‍ പരിശോധനകളോട് ഉദ്യോഗസ്ഥര്‍ക്കു വലിയ എതിര്‍പ്പാണ്. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അത് അനിവാര്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
◾ഓണക്കാലത്ത് മലബാര്‍ മില്‍മ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും വിറ്റു. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെയുള്ള നാലു ദിവസങ്ങളിലെ വില്‍പനയാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയുണ്ടായി.
◾ബലാത്സംഗത്തിനു പൊലീസില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്രതിയുടെ വധഭീഷണിയുണ്ടെന്ന് വീട്ടമ്മയുടെ പരാതി. എറണാകുളം കണയന്നൂര്‍ സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി. അങ്കമാലി സ്വദേശി മാക്സ് വെല്‍ ടോം എന്ന 25 കാരനെതിരെയാണ് പരാതി.
◾അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. കൊടുമണ്‍ സ്വദേശി ജിതിന്‍ മോഹനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
◾കോഴിക്കോട് നൊച്ചാട് സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ വീട്ടിലെ പോര്‍ച്ചിലുണ്ടായിരുന്ന കാറിനു തീയിട്ടു.
◾വളയത്ത് ആളൊഴിഞ്ഞ പറമ്പില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം നടത്തിയത് സ്ഫോടനത്തിന്റെ ശക്തി പരീക്ഷിക്കാനായിരുന്നെന്നു പോലീസ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഒപി മുക്കില്‍ സ്ഫോടനം നടന്നത്. രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് പൊലീസ് വിശദീകരണം.
◾മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി, മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യ എന്നിവരാണ് മുങ്ങിമരിച്ചത്. മകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അമ്മ.
◾സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിനു കമന്റിട്ടതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും കുത്തേറ്റു. പ്രതി കിരണ്‍ ആന്റണി എന്നയാള്‍ പിടിയിലായി. ഇവരെല്ലാം സുഹൃത്തുക്കളായിരുന്നു.
◾മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂര്‍വേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമായയാള്‍ പിടിയില്‍. തിരുപ്പൂര്‍ കെവി.ആര്‍ നഗറില്‍ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനന്‍തുളുവില്‍ എസ്. പ്രകാശിനെ (41) യാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരില്‍നിന്നു പിടികൂടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പിടികൂടിയിരുന്നു.
◾തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര കടല്‍തീരത്ത് അജ്ഞാത മൃതദേഹം. ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ അഴുകിയ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.
◾നെയ്യാറ്റിന്‍കര ഗ്രാമത്ത് ടൈല്‍സ് കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടസമയം വീട്ടിലുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിമൂലം ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.
◾ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര മുപ്പത്തിയാറാമത് ദേശീയ ഗെയിംസില്‍ നിന്ന് പിന്മാറി. തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണെന്ന് വ്യക്തമാക്കിയാണ് നീരജ് ദേശീയ ഗെയിംസില്‍ നിന്ന് പിന്മാറുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്.
◾യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ സ്‌പെയിനിന്റെ ലോക നാലാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയും നോര്‍വേയുടെ അഞ്ചാം സീഡ് കാസ്പര്‍ റൂഡും ഏറ്റുമുട്ടും. ഇരുവരും ഇതാദ്യമായാണ് യു.എസ്.ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. അതേസമയം വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് പോളണ്ട് താരം ഇഗ സ്യാംതെകും ടുനീഷ്യന്‍ താരം ഒന്‍സ് ജാബറും ഏറ്റുമുട്ടും.
◾ഇന്ത്യയിലെ 142 ശതകോടീശ്വരന്മാരും സംയുക്തമായി കൈയാളുന്നത് 83,200 കോടി ഡോളര്‍ (ഏകദേശം 66.36 ലക്ഷം കോടി രൂപ) ആസ്തിയെന്ന് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ‘ഇന്ത്യാസ് റിച്ചസ്റ്റ് – 2022’ റിപ്പോര്‍ട്ട്. വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍, ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡേറ്റ തുടങ്ങിയവ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 10.29 ലക്ഷം കോടി രൂപ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഒന്നാമത്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനുമാണ് അദാനി. മുകേഷ് അംബാനി (7.55 ലക്ഷം കോടി രൂപ), ഷപൂര്‍ ആന്‍ഡ് സൈറസ് മിസ്ത്രി കുടുംബം (2.57 ലക്ഷം കോടി രൂപ), രാധാകിഷന്‍ ധമാനി (2.19 ലക്ഷം കോടി രൂപ), അസീം പ്രേംജി (1.74 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് സമ്പന്നര്‍.
◾രാജ്യത്ത് സമ്പദ്പ്രവര്‍ത്തനങ്ങള്‍ മികച്ച ഉണര്‍വിലെന്ന് വ്യക്തമാക്കി ആഗസ്റ്റില്‍ ഇ-വേ ബില്ലുകളിലുണ്ടായത് റെക്കാഡ് വര്‍ദ്ധന. ഇ-വേ ബില്ലുകള്‍ കൂടുമ്പോള്‍ ആനുപാതികമായി ജി.എസ്.ടി വരുമാനവും ഉയരും. കഴിഞ്ഞമാസം 7.82 കോടി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടു. ഇത് എക്കാലത്തെയും ഉയരമാണ്. 2021 ആഗസ്റ്റിനേക്കാള്‍ 19 ശതമാനം അധികവുമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച 1.68 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന ജി.എസ്.ടി വരുമാനം; ആ മാസം ജനറേറ്റ് ചെയ്യപ്പെട്ടത് 7.81 കോടി ഇ-വേ ബില്ലുകളായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുനോക്കുമ്പോള്‍ ആഗസ്റ്റിലെ ഇടപാടുകളില്‍ നിന്നായി സെപ്തംബറില്‍ സമാഹരിക്കുന്ന ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപ കടക്കാനോ പുതിയ ഉയരം കുറിക്കാനോ സാദ്ധ്യതയുണ്ട്. ആഗസ്റ്റില്‍ സമാഹരിച്ച ജി.എസ്.ടി 1.43 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായ ആറാംമാസമാണ് സമാഹരണം 1.4 ലക്ഷം കോടി രൂപ കടന്നത്.
◾സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒ മൈ ഗോസ്റ്റ്’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘ഓ മൈ ഗോസ്റ്റ്’ എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്.
◾സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പീരിയോഡിക് ത്രിഡി ചിത്രമായിരിക്കും .പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് സൂര്യ 42 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. ദിഷ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണം എഴുതുന്നു. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് നിര്‍മ്മാണം.
◾ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ എസ്യുവി സി5 എയര്‍ക്രോസിന്റെ പുതിയ പതിപ്പ് എത്തി. വില 36.67 ലക്ഷം രൂപ. ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും യാത്രാസുഖത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്‌പെന്‍ഷന്‍, സീറ്റുകള്‍, വിശാലമായ അകത്തളം, പുതിയ 10 ഇഞ്ച് ടച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും, ഗിയര്‍ ഷിഫ്റ്റര്‍, ഡ്രൈവ് മോഡ് ബട്ടന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. 36 മാസം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി.
◾മലയാള കഥാസാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്ത വഴിത്താരകള്‍ സൃഷ്ടിച്ച എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍. മനുഷ്യ ജീവിതാവസ്ഥകളെ തന്റെ രചനാതന്ത്രത്തിലൂടെ കുട്ടികള്‍ക്കായി ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് കഥാകൃത്ത്. ‘മൂന്ന് മാന്ത്രികന്മാര്‍’. സുഭാഷ് ചന്ദ്രന്‍. ഡിസി ബുക്സ്. വില 142 രൂപ.
◾പാചകം ചെയ്താല്‍ പോഷകഗുണം നഷ്ടപ്പെടുമെന്ന് കരുതി പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നവരാണ് പല ഫിറ്റ്നസ് പ്രേമികളും. എന്നാല്‍ ചില പച്ചക്കറികള്‍ പച്ചയായോ ജ്യൂസായോ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്നത് മാത്രമല്ല ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പച്ചക്കറികളുടെ രുചിയും ഗുണവും നിലനിര്‍ത്താന്‍ അല്‍പ്പമെങ്കിലും പാചകം ചെയ്ത ശേഷം മാത്രം കഴിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ ചില പച്ചക്കറികളില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഉദര സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ എല്ലാം ഇലക്കറികളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ചീരയും മുരിങ്ങയിലയുമെല്ലാം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ സാലഡായോ അല്ലാതെയോ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഓക്കാനം, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ ശരീരത്തില്‍ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. ഈ ബാക്ടീരിയകള്‍ വെള്ളത്തില്‍ കഴുകിയാല്‍ നശിക്കില്ല. അതിനാല്‍ എണ്ണയില്‍ വഴറ്റിയോ ആവിയില്‍ വേവിച്ചോ കഴിക്കാവുന്നതാണ്. സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി മസാലകള്‍ ചേര്‍ക്കുകയോ താളിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ ചൂടാക്കിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കുടലിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. വേവിച്ച ഭക്ഷണം ആമാശയത്തില്‍ എളുപ്പത്തില്‍ വിഘടിക്കുകയും പോഷകങ്ങള്‍ ശരീരം ശരിയായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഒപ്പം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചുമ, ജലദോഷം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും നിങ്ങള്‍ക്ക് പച്ചക്കറികള്‍ സൂപ്പ് ആക്കി ദിവസവും കുടിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.66, പൗണ്ട് – 92.41, യൂറോ – 80.86, സ്വിസ് ഫ്രാങ്ക് – 82.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.55, ബഹറിന്‍ ദിനാര്‍ – 213.18, കുവൈത്ത് ദിനാര്‍ -260.78, ഒമാനി റിയാല്‍ – 209.20, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.69, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 61.03.