web cover 135

ഈ വര്‍ഷം ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍. കഴിഞ്ഞ വര്‍ഷം അയ്യായിരം കേസുകളായിരുന്നു. 120 ശതമാനം വര്‍ധനയുണ്ടെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. മയക്കുമരുന്നു കേസുകളിലെ പ്രതികളെ കൂടുതല്‍ കര്‍ക്കശമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഈ വര്‍ഷം എട്ടു മാസത്തിനകം 17,834 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോ എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.

കാക്കി യൂണിഫോം പൊലീസിനു മാത്രമാക്കണമെന്ന് ഡിജിപി. ഫയര്‍ഫോഴ്സ്, വനം, എക്സൈസ്, ജയില്‍, ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാര്‍ തുടങ്ങിയവര്‍ക്കു കാക്കി യൂണിഫോം അനുവദിക്കരുതെന്നു പൊലീസ് മേധാവി ആവശ്യപ്പെട്ടു. കാക്കി പൊലീസിനു മാത്രമാക്കണമെന്ന നിര്‍ദ്ദേശം എഡിജിപിമാരുടെ യോഗത്തിലാണ് ഉന്നയിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇന്ത്യ നിര്‍മ്മിച്ച വിമാനവാഹിനി യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കു സേനയ്ക്കു കൈമാറും. നാളെ വൈകിട്ട് നാലരയോടെ എത്തുന്ന നരേന്ദ്രമോദി നെടുമ്പാശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് കാലടി ശൃംഗേരി മഠത്തില്‍ എത്തും. ആറിന് സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി മെട്രോ പേട്ട എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെസ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായി കൂടികാഴ്ച നടത്തും.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

പതിനാറാം ദിവസവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം. ഗര്‍ഭിണികളും കുട്ടികളും അടക്കമുള്ള ആയിരത്തോളം പേരാണ് അതീവ സുരക്ഷാ മേഖലയിലേക്കു കയറിച്ചെന്നു സമരം നടത്തുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മല്‍സ്യത്തൊഴിലാളികളുടെ ജീവിതം അപകടത്തിലാണെന്ന് സമരക്കാരും കോടതിയെ അറിയിച്ചു.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതല്‍ മഴയ്ക്കു സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും. മലയോരമേഖലകളില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്നും ട്രെയിനുകള്‍ വൈകി. സിഗ്‌നല്‍ സംവിധാനം ഉച്ചയോടെയാണു പുനസ്ഥാപിച്ചത്. കനത്ത മഴമൂലം എറണാകുളത്തെ റെയില്‍പാതകളും സിഗ്‌നല്‍ സംവിധാനങ്ങളും വെള്ളത്തിലായതോടെയാണ് സിഗ്‌നല്‍ സംവിധാനം തകരാറിലായത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ ക്ഷേത്രങ്ങളും വരുമാനവും സിപിഎം കൈയടക്കുന്നുവെന്ന സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍. ഇന്ദു മല്‍ഹോത്രയയുടെ പരാമര്‍ശം തെറ്റാണ്, തെറ്റിദ്ധാരണജനകവുമാണ്. അനുചിതമായ പരാമര്‍ശമാണ് അവര്‍ നടത്തിയതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. 15 ശതമാനമാണ് വര്‍ധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങള്‍ക്ക് പത്ത് മുതല്‍ 65 വരെ രൂപയുടെ വര്‍ധനയുണ്ടാകും. ഉപഭോക്തൃവില സൂചികയ്ക്കനുസൃതമായി കൊല്ലത്തില്‍ രണ്ടു തവണയാണു നിരക്കു വര്‍ധിപ്പിക്കുന്നത്.

ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ അനുവദിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി മില്‍മ നാലരക്കോടി രൂപ വിതരണം ചെയ്യും. 2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടര രൂപ വീതം അധിക വിലയായി നല്‍കും.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടഞ്ഞുകൊണ്ടുള്ള സമരം ശക്തമായി തുടരുമെന്ന് സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്നും തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തീരദേശവാസികളെ പുച്ഛിക്കുന്നതിനു തുല്യമാണെന്ന് സമരസമിതി നേതാവും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ എ പെരേര പറഞ്ഞു. അദാനിക്ക് വേണ്ടി റിപ്പോര്‍ട്ടുണ്ടാക്കുന്ന വിദഗ്ധ സമിതികളെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടെന്ന് നികത്തണമെന്നും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കട്ടെ, കൂടുതല്‍ വോട്ടു നേടുന്നവര്‍ പ്രസിഡന്റാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂര്‍ യോഗ്യനാണ്. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കട്ടെ. അദ്ദേഹം പറഞ്ഞു.

കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ചുമതല നല്‍കിയത്. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറാണ് ദീപ്തി.

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ എം.കെ രാഘവന്‍ എംപി. ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ എംപി ഫണ്ടില്‍നിന്ന് പതിനാല് മാസം മുമ്പ് പണം അനുവദിച്ചിട്ടും വാങ്ങാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് എം പി കുറ്റപ്പെടുത്തി.

പൊലീസ് വേഷം ധരിച്ചു വാഹന പരിശോധന നടത്തിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് (40) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പൊലീസ് വേഷത്തില്‍ പരിയാരത്തും പരിസ പ്രദേശങ്ങളിലും വാഹന പരിശോധനയും, ബോധവല്‍ക്കരണവും നടത്തി വരികയായിരുന്നു.

ഇന്‍സ്റ്റ താരദമ്പതികള്‍ ഉള്‍പെട്ട പാലക്കാട്ടെ ഹണിട്രാപ്പ് സംഘത്തിന്റെ പിടിയില്‍നിന്ന് വ്യവസായി രക്ഷപ്പെട്ടത് തട്ടിക്കൊണ്ടുപോകുന്നതിനിടെ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ കൈകാലുകള്‍ ബന്ധിച്ച് കാറില്‍ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടുപോകുകയായിരുന്നു സംഘം. മൂത്രമൊഴിക്കണമെന്നു പറഞ്ഞ് പുറത്തിറങ്ങിയ വ്യവസായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ദേവുവിനേയും ഗോകുലിനേയും മുന്നില്‍ നിര്‍ത്തിയുള്ള തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ പാലാ സ്വദേശി ശരത്താണ്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാലദ്വീപിലെ പ്രശസ്തമായ ചലച്ചിത്ര നടിയായിരുന്നു ഫൗസിയ ഹസന്‍. ചാരക്കേസില്‍ കേരളത്തില്‍ ജയില്‍വാസം അനുവഭിച്ച ഇവര്‍ പിന്നീട് കുറ്റവിമുക്തയായി.

തിരുവനന്തപുരത്ത് റോഡിലെ കുഴിമൂലമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലന്‍സിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന പിഡബ്ല്യൂഡി അസിസ്റ്റന്റ് എന്ജിനിയര്‍ മംമ്ദയ്ക്കു സ്ഥലമാറ്റം. പൂജപ്പുരയില്‍നിന്ന് എറണാകുളത്തേക്കാണ് മാറ്റിയത്. അനുമതിയില്ലാതെ ഓഫീസില്‍നിന്നു മുങ്ങിയെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തമിഴ്നാട് സ്വദേശിനിയെ കണ്ണൂരില്‍ കൂട്ടബലാത്സംഗം ചെയ്തെന്നു കേസ്. ജോലി വാഗ്ദാനം നല്‍കിയവരാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ജ്യൂസില്‍ മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു. അപകടത്തില്‍പ്പെട്ട ഇരുപതോളം തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വള്ളവും വലയും ഉപകരണങ്ങളും തകര്‍ന്നു.

കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കോണ്‍ഗ്രസിലെ വിമതരായ ജി 23 നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ആനന്ദ് ശര്‍മ, പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബര്‍ അഞ്ചിന് ഗുലാം നബി ആസാദ് ജമ്മു കാശ്മീരില്‍ റാലി നടത്തി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അധ്യാപകര്‍ ജാഗ്രതൈ! പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞതിന് അധ്യാപകനെയും ക്ലര്‍ക്കിനേയും വിദ്യാര്‍ത്ഥികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഗോപികന്ദറിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകന്‍ സുമന്‍ കുമാറിനെയും ക്ലര്‍ക്ക് സോനേറാം ചൗറേയേയുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കാമ്പസിലെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്. ക്ലാസിലെ 32 വിദ്യാര്‍ത്ഥികള്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചെന്നാരോപിച്ചായിരുന്നു കൈയേറ്റം. പോലീസ് കേസെടുത്തിട്ടില്ല.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വധൂവരന്മാരുടെ വാഹനം കത്തിച്ച വധുവിന്റെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. പ്രണയ വിവാഹത്തെച്ചൊല്ലി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷത്തേയും കാരണവര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് വധൂവരന്മാരുടെ വാഹനം കത്തിച്ചത്. തേരടി തെരുവില്‍ പാണ്ടിയുടെ മകള്‍ മല്ലികയും(24) മുറച്ചെറുക്കന്‍ ദിനേഷ് കുമാറും ( 28) തമ്മിലാണ് വിവാഹിതരായത്. ഡിഎംകെ നേതാവുകൂടിയായ പെരുമാള്‍ (26) ആണ് അറസ്റ്റിലായത്.

സോവ്യറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. 1990 ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നിവയുടെ ഉപജ്ഞാതാവായി അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ് ഏറെക്കാലമായി രോഗ ബാധിതനായിരുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യാ- ഹോങ്കോങ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു, 20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.

മൂന്നു മാസത്തിനിടയിലെ മികച്ച മുന്നേറ്റം നടത്തി ഓഹരി വിപണി സൂചികകള്‍. ബിഎസ്ഇ സെന്‍സെക്സ്, നിഫ്റ്റി എന്നിവ 2.5 ശതമാനത്തിലേറെ ഉയര്‍ന്നു. ബാങ്കിങ്, ഐടി, ഓയില്‍ ഓഹരികള്‍ നല്ലപ്രകടനം കാഴ്ചവച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവലിന്റെ ജാക്സന്‍ ഹോള്‍ പ്രഖ്യാപനത്തിന്റെ ആഘാതത്തില്‍ ഓഹരി വിപണി കഴിഞ്ഞ ദിവസം കനത്ത തകര്‍ച്ച നേരിട്ടിരുന്നു. ഇന്നലെ സെന്‍സെക്സ് 1,564.45 പോയിന്റ് ഉയര്‍ന്ന് 59,537.07 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 446.40 പോയിന്റ് കയറി 17,759.30ലും ക്ലോസ് ചെയ്തു. ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ എച്ച്ഡിഎഫ്സി എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യയിലെ മറ്റു വിപണികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വര്‍ധന 5.68 ലക്ഷം കോടി രൂപയാണ്. വിപണിയിലെ മുന്നേറ്റം രൂപയ്ക്കും കരുത്തായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 39 പൈസ നേട്ടത്തോടെ 79.52ല്‍ എത്തി.

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിലുള്ള ഒരു തമിഴ് ഗാനത്തിന്റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ‘മാരന്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചന്‍ ആണ്. ഭൂമിയുടേതാണ് സംഗീതം. സിദ് ശ്രീറാമിനൊപ്പം ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ വലിയ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നടന്‍ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ തെലുങ്കില്‍ നായികയാവുന്നത് അനിഖ സുരേന്ദ്രന്‍ ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തത്തി. ‘ബുട്ട ബൊമ്മ’ എന്നാണ് കപ്പേളയുടെ തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു. അനിഖയുടെ കഥാപാത്രം മാത്രമാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റുകള്‍ ടൊയോട്ട നിര്‍ത്തലാക്കിയതായി അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കാത്തിരിപ്പ് കാലാവധി കൂടിയതാണ് ഇന്നോവയുടെ ബുക്കിങ് നിര്‍ത്താന്‍ കാരണമെന്ന് ടൊയോട്ട അറിയിച്ചു. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം കൊടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പെട്രോള്‍ മോഡലുകളുടെ ബുക്കിങ് തുടരുമെന്ന് ടൊയോട്ട അറിയിച്ചു. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ പതിപ്പാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ടോയോട്ട വാഹനം. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തിലാണ് ക്രിസ്റ്റ വിപണിയില്‍ എത്തുന്നത്. 147 ബി.എച്ച്.പി കരുത്തും 360 എന്‍.എം ടോര്‍ക്കും വാഹനത്തിനുണ്ട്.

വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പാതകളില്‍ ഏകനായി നിന്നുകൊണ്ട് വെളിച്ചം എവിടെയാണ് എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയാണ് വര്‍ത്തമാനകാലത്തിന്റെ എല്ലാ അസ്വസ്ഥതകളേയും ഏറ്റെടുക്കുന്ന ഈ ചെറുകഥാകൃത്ത്. വിപണി വലുതും മനുഷ്യന്‍ ചെറുതുമായിപ്പോകുന്ന കാലത്തിന്റെ ഇടവഴികള്‍. ‘മനസ്സില്‍ അണയാതെ കത്തുന്ന ഒരു തീയുണ്ട്’. കെ.വി സിറാജ്. ഗ്രീന്‍ ബുക്സ്. വില 114 രൂപ.

വിറ്റാമിനുകള്‍, നാരുകള്‍, മറ്റ് ധാതുക്കള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് പപ്പായ. പഴുത്ത പപ്പായയും പച്ച പപ്പായയും പപ്പായയുടെ ഇലയും കുരുവും വേരും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗപ്രധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനപ്രക്രിയയെ സഹായിക്കും. ശരീരത്തിലെ പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ചര്‍മ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ അകറ്റുന്നു. ഇല നന്നായി ആവിയില്‍ വേവിച്ച ശേഷം മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാവുന്നതാണ്. പപ്പായ ഇലയുടെ സത്തില്‍ അടങ്ങിയിരിക്കുന്ന അസറ്റോ ജെനിന്‍ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. പപ്പായയുടെ വേര് ചതച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് വേദന ഉള്ള ഭാഗത്ത് വച്ചാല്‍ വേദനയ്ക്ക് ശമനം കിട്ടും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ പപ്പായയുടെ കുരുക്കള്‍ക്ക് കഴിയും. പപ്പായയുടെ കുരുവില്‍ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്കയുടെ തകരാറുകള്‍ തടയുന്നു. കൂടാതെ കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു. പപ്പായയില്‍ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ പപ്പായ സ്ഥിരമായി കഴിച്ചാല്‍ മതി. പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പപ്പായ ഉത്തമമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.54, പൗണ്ട് – 92.63, യൂറോ – 79.57, സ്വിസ് ഫ്രാങ്ക് – 81.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.72, ബഹറിന്‍ ദിനാര്‍ – 210.84, കുവൈത്ത് ദിനാര്‍ -258.04, ഒമാനി റിയാല്‍ – 206.48, സൗദി റിയാല്‍ – 21.16, യു.എ.ഇ ദിര്‍ഹം – 21.64, ഖത്തര്‍ റിയാല്‍ – 21.83, കനേഡിയന്‍ ഡോളര്‍ – 60.74.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *