web cover 129

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണത്തെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ല. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളി സമരം പരിഹരിക്കണമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ ഇന്നും തുറമുഖത്തെത്തി സമരം നടത്തി.

പേവിഷ ബാധയേറ്റ് ഈ വര്‍ഷം 20 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചതു ഗുരുതരമായിത്തന്നെ കാണുന്നു. എന്നാല്‍ പേവിഷ ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണ് അങ്ങനെ മരിച്ച അഞ്ചു പേര്‍. 15 പേര്‍ വാക്സീന്‍ എടുത്തിരുന്നില്ല. ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പി.കെ. ബഷീര്‍ ആവശ്യപ്പെട്ടു.

ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ നിയമസഭയില്‍. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്. കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടാന്‍ സംസ്ഥാനത്ത് ഫലപ്രദമായ നടപടികളില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ശക്തമായ മഴ. എറണാകുളം നഗരം വെള്ളത്തില്‍ മുങ്ങി. റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ടും. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രയും കേരള തീരത്ത് മത്സ്യബന്ധനവും വിലക്കി. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.

കനത്ത മഴയില്‍ എറണാകുളം വെള്ളത്തിനടിയിലായതോടെ റെയില്‍വേ സിഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍. എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ സിഗ്നലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകളുംം വൈകി.

ലോകായുക്ത ബില്‍ നിയമസഭയില്‍. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കു മാറ്റം വരുത്താമെന്നു നിയമ മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിമാര്‍ക്ക് എതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ ബില്‍ പാസാകും. നിയമസഭാ പാസാക്കിയശേഷം ഗവര്‍ണര്‍ ഒപ്പുവയ്ക്കണം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാത്തതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷിന്റെ താക്കീത്. അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കിയതിനെതിരേയാണു വിമര്‍ശനം.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.

കോണ്‍ഗ്രസ് മതേതരത്വം പ്രസംഗിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റിടത്തെല്ലാം കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ്. കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകും. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ ഇ കെ കെ ഗ്രൂപ്പിന്. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് റോഡിലെ കുഴികള്‍ അടയ്ക്കാതിരുന്നതിനാലാണ് മറ്റൊരു കമ്പനിക്കു കരാര്‍ നല്‍കിയത്. നിലവിലുള്ള കരാര്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കിയാണു പുതിയ കമ്പനിക്കുള്ള കരാര്‍തുക നല്‍കുക.

വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതിയുടെ പരിഗണനയില്‍. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി. മധു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം നിശ്ചയിച്ചതിനു പിറകേ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. അരീക്കോട് കീഴുപറമ്പ് തൃക്കളയൂരില്‍ ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് തൃക്കളയൂര്‍ സ്വദേശി അശ്വിനെ (26) അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യാ പ്രേരകമായ ശബ്ദസന്ദശേങ്ങള്‍ കണ്ടെത്തിയെന്നു പോലീസ്.

സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശത്തിനു പിറകേയാണ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.

കേടായ പഴങ്ങള്‍ ഉപയോഗിച്ചു കുറഞ്ഞ ചെലവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരെ അറസ്റ്റു ചെയ്തു.

മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ കവര്‍ച്ച. തോക്കുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാര്‍ക്കുനേരെ തോക്കുചൂണ്ടി 24 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു. ഉദയ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ കോടതിയലക്ഷ്യ കേസുകളും ഗുജറാത്തിലെ ഗോധ്ര കലാപ കേസുകളും സുപ്രീംകോടതി അവസാനിപ്പിച്ചു. 2019 ലെ സുപ്രീംകോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസുകള്‍ അവസാനിപ്പിച്ചത്. കേസുകള്‍ അപ്രസക്തമായെന്നു പറഞ്ഞാണ് 2002 ലെ ഗോധ്ര കലാപകേസുകള്‍ അവസാനിപ്പിച്ചത്.

സുപ്രീംകോടതി നിയോഗിച്ച ഭരണഘടന ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ അടുത്ത മാസം പതിമൂന്നു മുതല്‍. സാമ്പത്തിക സംവരണം, മുസ്സീം വിഭാഗത്തിന്റെ പിന്നോക്ക പദവി എന്നിവ അടക്കം എട്ടു കേസുകളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുക. ഒക്ടോബറോടെ ഈ കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരെങ്കിലുമുണ്ടെങ്കില്‍ മത്സര സാധ്യത ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അശോക് ഗെലോട്ടിനെ നിര്‍ദേശിച്ചാല്‍ ജി 23 നേതാക്കള്‍ ശശി തരൂരിനെ മല്‍സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാതെ ശശി തരൂര്‍. എന്തായാലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പ്രസിഡന്റിനു കഴിയുമെന്ന് തരൂര്‍ പറഞ്ഞു.

പ്ലാനിംഗ് കമ്മീഷനിലെ മുന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു.

കെആര്‍കെ എന്നറിയപ്പെടുന്ന നടനും നിര്‍മ്മാതാവും ട്രേഡ് അനലിസ്റ്റുമായ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റിലായി. 2020 ല്‍ വിദ്വേഷ പരാമര്‍ശമടങ്ങിയ ചില ട്വീറ്റുകള്‍ക്കെതിരേ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുംബൈ വിമാനത്താവളത്തില്‍ മുംബൈ മലാഡ് പൊലിസാണ് അറസ്റ്റു ചെയ്തത്.

വടക്കന്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് തടാകത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാര്‍ത്ഥികളും കണ്ണൂര്‍, എരുമേലി സ്വദേശികളുമായ ആണ്‍കുട്ടികളാണു മുങ്ങിമരിച്ചത്.

കൊറിയന്‍ യുവ നടി യൂ ജൂ ഇന്‍ മരിച്ച നിലയില്‍. 27 വയസായിരുന്നു. ആത്മഹത്യാക്കുറിപ്പെന്ന് കരുതപ്പെടുന്ന കത്ത് സഹോദരന്‍ നടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ട്രഷറര്‍ ആനന്ദേശ്വര്‍ പാണ്ഡെയ്ക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി ദേശീയ ഹാന്‍ഡ്ബോള്‍ താരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ഉത്തര്‍പ്രദേശ് ഒളിംപിക് അസോസിയേഷന്‍, ഉത്തര്‍പ്രദേശ് ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറികൂടിയായ ആനന്ദേശ്വറിനെതിരേ പരാതി നല്‍കിയത്.

യു.എസ്.ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കം. യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് ആദ്യ റൗണ്ടില്‍ ജയം. അതേസമയം പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 10 രൂപ തന്നെയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3900 രൂപയാണ്.

ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്. മാത്രമല്ല, ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത്. 91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.

പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സൂചന നല്‍കി ചിത്രത്തിന്റെ ടീസര്‍ പുറത്ത്.നിവിന്‍ പോളി, അജു വര്‍?ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്നു. സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്ര് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട് ‘ലൈഗര്‍’. പത്തില്‍ 3 മാര്‍ക്ക് ആണ് ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിംഗ്. 37,000ല്‍ അധികം പേര്‍ വോട്ട് ചെയ്തതിനു ശേഷമുള്ള കണക്കാണ് ഇത്. ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും കങ്കണ റണൗട്ടിന്റെ ധാക്കഡും റേറ്റിംഗില്‍ വിജയ് ദേവരകൊണ്ട ചിത്രത്തേക്കാള്‍ മുന്നിലാണ്. ധാക്കഡിന് നാലും ലാല്‍ സിംഗ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിംഗ് ആണ് ഐഎംഡിബിയില്‍ ഉള്ളത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത് പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് 33.12 കോടിയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ മോശം പബ്ലിസിറ്റിയെത്തുടര്‍ന്ന് ചിത്രത്തിന് കാണികള്‍ കുത്തനെ കുറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിലെത്തി നിരത്തുകളിലെ നിറസാന്നിദ്ധ്യമായി മാറിയ മഹീന്ദ്ര ബൊലേറോ ഇനി പുത്തന്‍ ലോഗോ അണിഞ്ഞും പുതുപുത്തന്‍ രൂപകല്പനയിലും ഉപഭോക്താക്കളിലേക്കെത്തും. പുതിയലോഗോ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിപണിയിലിറക്കിയ എക്‌സ്.യു.വി 700 ലാണ് മഹീന്ദ്ര ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നാലെ സ്‌കോര്‍പ്പിയോ-എന്‍ പതിപ്പുമെത്തി. നിലവിലെ ബൊലേറോയില്‍ നിന്ന് കാഴ്ചയില്‍ തികച്ചും വ്യത്യസ്തമായിരിക്കും പുതിയത്. 75 ബി.എച്ച്.പി കരുത്തും 210 എന്‍.എം ടോര്‍ക്കുമുണ്ടാകും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് പ്രതീക്ഷിക്കുന്നു. ഉത്സവകാലമായ ഒക്ടോബര്‍-നവംബറില്‍ പുതിയ ബൊലേറോ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.

പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു. ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്. ‘കനകദുര്‍ഗ്ഗ’. മാതൃഭൂമി. വില 180 രൂപ.

മദ്യപിക്കുന്നവരെക്കാള്‍ കാന്‍സര്‍ വരാന്‍ സാദ്ധ്യത കൂടുതല്‍ കാപ്പി കുടിക്കുന്നവരിലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കാന്‍സര്‍ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കാപ്പിയിലും ചായയിലും കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തി കാന്‍സര്‍ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. ചൂട് കാപ്പി കുടിക്കുന്ന മനുഷ്യരില്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാല്‍ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പറയുന്നത് പ്രകാരം, ദിവസവും ചൂട് കാപ്പി കുടിക്കുന്നവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ളവരെക്കാള്‍ കാന്‍സര്‍ സാദ്ധ്യത 2.8 മടങ്ങ് കൂടുതലാണ്. കൂടാതെ ഇവരില്‍ ജനിതക രോഗങ്ങളും വരാന്‍ സാദ്ധ്യതയുണ്ട്. ചൂട് മാത്രമല്ല കാപ്പിയില്‍ നിങ്ങള്‍ മധുരത്തിനായി ചേര്‍ക്കുന്ന പഞ്ചസാരയും ആപത്താണ്. ഇത് നിരവധി ദോഷങ്ങള്‍ വിളിച്ചു വരുത്തും. എന്നാല്‍ പരിമിതമായ അളവില്‍ കാപ്പി കുടിക്കുന്നതുകൊണ്ട് ദോഷമില്ല. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ്-2 പ്രമേഹം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.52, പൗണ്ട് – 93.29, യൂറോ – 79.68, സ്വിസ് ഫ്രാങ്ക് – 81.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 210.88, കുവൈത്ത് ദിനാര്‍ -258.21, ഒമാനി റിയാല്‍ – 206.56, സൗദി റിയാല്‍ – 21.17, യു.എ.ഇ ദിര്‍ഹം – 21.65, ഖത്തര്‍ റിയാല്‍ – 21.84, കനേഡിയന്‍ ഡോളര്‍ – 61.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *