WEB COVER 7

◼️മഴക്കെടുതിയില്‍ ആറു പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ അമ്മയുടെ കൈപിടിവിട്ട് ഒഴുകിപ്പോയ രണ്ടരവയസുകാരി നുമ തസ്ലീന്‍, റിയാസ്, രാജേഷ് എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. കൊളക്കാട് പിഎച്ച്സിയിലെ നഴ്‌സ് നദീറയുടെ മകളാണു നുമ തസ്ലീന്‍. രാത്രി പത്ത് മണിയോടെ മലവെള്ളപാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വെള്ളത്തില്‍വീണ് ഒഴുകി പോകുകയായിരുന്നു. ഇന്നു രാവിലെയാണു മൃതദേഹം കിട്ടിയത്. കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ടാണ് റിയാസ് മരിച്ചത്.

◼️മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയര്‍ന്നു. ആലുവാ ക്ഷേത്രം മുങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം തേടി. ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലെര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 757 പേര്‍ ക്യാംപുകളിലുണ്ട്.

◼️അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചു. അമേരിക്കന്‍ ചാരസംഘമായ സിഐഎ അഫ്ഗാനിസ്ഥാനില്‍ സവാഹിരിയെ വധിച്ചെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് സ്ഥിരീകരിച്ചത്. കാബൂളില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് വധിച്ചത്. വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ക്കെതിരേ ചെറിയയിനം മിസൈലാണ് പ്രയോഗിച്ചത്. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു ഇയാള്‍.

*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം നല്‍കുന്നതു നിര്‍ത്തിവക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര ആവശ്യമുള്ളവര്‍ക്കു മാത്രം പണം തിരിച്ചുനല്‍കാം. പണം തിരിച്ചുനല്‍കുമ്പോള്‍ ക്രമക്കേടിനു സാധ്യതയുള്ളതിനാലാണ് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് കോടതിയെ ധരിപ്പിക്കണം. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപവും 284 കോടിയുടെ നിക്ഷേപവും ഉണ്ടെന്ന് ബാങ്ക് അറിയിച്ചു.

◼️നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസ്തന്നെയായിരിക്കും ജഡ്ജി. സിബിഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചു. തുടര്‍ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ ഉണ്ടാകും.

◼️റേഷന്‍ മണ്ണെണ്ണയുടെ വില കേന്ദ്ര സര്‍ക്കാര്‍ 13 രൂപ കുറച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 89 രൂപയായി. അതേസമയം, ജൂലൈയിലെ വില വര്‍ധന നടപ്പാക്കാത്തതിനാല്‍ കേരളത്തില്‍ മണ്ണെണ്ണ വില 84 രൂപയായി തുടരും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരു മാസത്തെ സാവകാശം വേണം. കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ലെന്നും അറിയിച്ചു. ഈ മാസം 10 ന് മുന്‍പെങ്കിലും ശമ്പളം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

◼️ലൈംഗിക പീഡനകേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

◼️അട്ടപ്പാടി മധു കൊല കേസ് സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാലാമത്തെ പ്രോസിക്യൂട്ടറാണ് നിലവിലുള്ളത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നു. സിപിഎം ബന്ധമുള്ള പ്രതികള്‍ ഭീഷണിപ്പെടുത്തുന്നു. പ്രതികളും സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. സതീശന്‍ ആരോപിച്ചു

◼️

സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കാരണം കേരള ബാങ്ക് രൂപീകരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. കേരള ബാങ്ക് രൂപീകരിച്ചതോടെ ജില്ലാ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിനായി. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ആദ്യ ദുരന്തമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സംഭവിച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വ കക്ഷിയോഗം വിളിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

◼️ലഹരി മുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് കേസുകളില്‍ ഇളവുകള്‍ നല്‍കാമെന്ന് എക്സൈസ് വകുപ്പ്. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പെടുന്ന 25 വയസിനു താഴെയുള്ളവര്‍ക്കാണ് ഇളവ്. ലഹരിമുക്തിരാകാമെന്ന് കരാറെഴുതി അവരെ നല്ല നടപ്പിനു വിടാനുള്ള വ്യവസ്ഥ പ്രയോജനപ്പെടുത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

◼️കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്നു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അഡീഷണല്‍ എസ്പി അറിയാതെ കംപ്യൂട്ടര്‍ വഴി ഒപ്പിട്ട് കാവലിനുള്ള ഉത്തരവിറക്കിയെന്ന് ആരോപിച്ചാണ് സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരന്‍ എന്നിവര്‍ക്കു നോട്ടീസ് നല്‍കിയത്.

◼️തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. മണിമലയാര്‍ കവിഞ്ഞൊഴുകുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ വാമനപുരം, കല്ലട, കരമന, അച്ചന്‍കോവില്‍, പമ്പ നദികളില്‍ പ്രളയസാധ്യത. ചാലക്കുടിപുഴയും കവിഞ്ഞു. വലിയ അണക്കെട്ടുകള്‍ തത്കാലം നിറയില്ല, തുറക്കുകയുമില്ലെന്നും കേന്ദ്രജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് വ്യക്തമാക്കി.

◼️ചാലക്കുടി പുഴയിലെ തുരുത്തില്‍ കുടുങ്ങിയ കാട്ടാന മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കരകയറി. ചുറ്റും കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തില്‍ ഒലിച്ചുപോകാതെ കരകയറിയത് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ്.

◼️തീവ്രമഴയിലും മണ്ണിടിച്ചിലിലും സര്‍ക്കാര്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

◼️എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്ന പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തെങ്കര മേഖലയില്‍ 45 പേര്‍ക്ക് സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ജനിതക രോഗങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. 2015ല്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതുമൂലം ധനസഹായം ലഭിക്കാത്ത രോഗികളില്‍ ഭൂരിഭാഗം പേരുടെയും ചികിത്സ മുടങ്ങി.

◼️മൊബൈല്‍ ഫോണില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെച്ചൊല്ലി തര്‍ക്കം, അനുജന്‍ ജ്യേഷ്ഠനെ വിറകുകൊണ്ട് തല്ലിക്കൊന്നു. പാലക്കാട് കൊപ്പം മുളയങ്കാവില്‍ നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനുജന്‍ ശക്കീറിനെ പോലീസ് അറസ്റ്റു ചെയ്തു.

◼️മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്ന മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈനെ (31)് അറസ്റ്റു ചെയ്തു.

◼️തിരുവനന്തപുരം നിശാഗന്ധിയില്‍ നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.

◼️സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നായ എംഡിഎംഎ വില്‍ക്കാനെത്തിയ രണ്ടു യുവാക്കളെ മാന്നാര്‍ പൊലീസ് പിടികൂടി. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടില്‍ പ്രസന്നന്റെ മകന്‍ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയില്‍ വീട്ടില്‍ ജയകുമാറിന്റെ മകന്‍ അക്ഷയ്ശ്രീ (22)എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്.

◼️മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി. തൃശൂര്‍ ഞമനങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്.

◼️ഐപിബിഎസ് പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6432 ഒഴിവുകളുണ്ട്. അവസാന തീയതി ഓഗസ്റ്റ് 22.

◼️യുജിസി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 11 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ നടക്കും.

◼️നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ആസ്ഥാന ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു.

◼️കേരളത്തിലെ മഴക്കെടുതികളെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭയില്‍ ബെന്നി ബെഹന്നാന്‍ എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതെ മാറ്റിവച്ചു.

◼️പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഈ മാസം 12 ന് കേസ് പരിഗണിക്കും.

◼️പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. ആര്‍ബിഐയുടെ പണനയ യോഗം നാളെ ആരംഭിക്കും. വെള്ളിയാഴ്ച ധനനയ ഫലം പ്രഖ്യാപിക്കും. 25 മുതല്‍ 35 വരെ ബേസിസ് പോയിന്റ് വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

◼️കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസ്, പൂനെ എക്സ്പ്രസ്, ലോകമാന്യതിലക് എക്സ്പ്രസ്, മംഗളൂര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ പിടിച്ചിടും.

◼️ലോക്സഭയില്‍ വിലവര്‍ധന ചര്‍ച്ചയ്ക്കിടെ, എല്‍പിജി വില വര്‍ധനമൂലം പച്ചക്കറികളും മറ്റും വേവിക്കാതെ കഴിക്കേണ്ട അവസ്ഥയാണെന്ന് വഴുതിന ഉയര്‍ത്തിക്കാണിച്ച് തൃണമൂല്‍ കോണ്‍ അംഗം കക്കോലി ഘോഷ്. വഴുതിന ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കക്കോലി ഘോഷിന്റെ പ്രസംഗത്തിനിടെ തൊട്ടരികിലുള്ള

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി മഹുവ മൊയ്ത്ര തന്റെ ഒന്നര ലക്ഷം രൂപ വിലയുള്ള ലൂയിസ് വിട്ടണ്‍ ബാഗ് മറച്ചുവയ്ക്കുന്ന ദൃശ്യവും തരംഗമായി.

◼️ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കന്‍വാര്‍യാത്രയ്ക്കു വേണ്ടി പാട്ടുപാടിയ മുസ്ലീം ഗായികയ്ക്കെതിരെ ഫത്വവയുമായി മുസ്ലീം പണ്ഡിതര്‍. ‘ഹര്‍ ഹര്‍ ശംഭു’ എന്നു തുടങ്ങുന്ന ഗാനം പാടി യൂട്യൂബില്‍ പോസ്റ്റു ചെയ്ത ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഗായിക ഫര്‍മാനി നാസിനെതിരേയാണ് മുസ്ലിം പണ്ഡിതരുടെ ശാസന. ഹിറ്റായി മാറിയ ഗാനം ആലപിച്ച ഫര്‍മാനിയെ പിന്തുണച്ച് ഹിന്ദു സംഘടനകള്‍ രംഗത്തുണ്ട്.

◼️ശ്രീലങ്കയിലേക്കു ചൈനയുടെ ചാരക്കപ്പല്‍. ശ്രീലങ്കയിലെ പ്രധാന തുറമുഖമായ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച ചൈനീസ് ‘ചാരക്കപ്പല്‍’ എത്തും. ‘യുവാന്‍ വാന്‍ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയില്‍ എത്തുന്നത്. ‘ഗവേഷണ’ കപ്പലാണെന്നാണ് ചൈനയുടെ വാദം. കപ്പലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ശ്രീലങ്കന്‍ അധികൃതരുമായി ഇന്ത്യ ചര്‍ച്ച നടത്തി. ഇന്ത്യ ജാഗ്രതയോടെയാണ് കപ്പലിന്റെ വരവ് നിരീക്ഷിക്കുന്നത്.

◼️കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ഹര്‍ജീന്ദര്‍ കൗറിന് വെങ്കലം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 9 മെഡലായി. സ്നാച്ചില്‍ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോയും ഉയര്‍ത്തിയാണ് ഹര്‍ജീന്ദര്‍ വെങ്കലം സ്വന്തമാക്കിയത്.

◼️ഇന്ത്യ വെസ്റ്റ്ിന്‍ഡീസ് മൂന്നാം ടി20 ഇന്ന്. ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ഇരുടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിച്ചിരിക്കുകയാണ്.

◼️സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്.

◼️ജൂലായില്‍ ചരക്ക്-സേവന നികുതിയായി (ജി.എസ്.ടി) കേരളം സമാഹരിച്ചത് 29 ശതമാനം വളര്‍ച്ചയോടെ 2,161 കോടി രൂപ. 2021 ജൂലായില്‍ 1,675 കോടി രൂപയായിരുന്നു. 17 ശതമാനം വളര്‍ച്ചയോടെ 22,129 കോടി രൂപ നേടിയ മഹാരാഷ്ട്രയാണ് കഴിഞ്ഞമാസവും ഒന്നാമത്. 45 ശതമാനം വളര്‍ന്ന കര്‍ണാടക 9,795 കോടി രൂപ സമാഹരിച്ചു. 20 ശതമാനം വളര്‍ച്ചയോടെ ഗുജറാത്ത് 9,183 കോടി രൂപയും 34 ശതമാനം വളര്‍ച്ചയോടെ തമിഴ്നാട് 8,449 കോടി രൂപയും നേടി. 7,074 കോടി രൂപയാണ് ഉത്തര്‍പ്രദേശ് നേടിയത്; വളര്‍ച്ച 18 ശതമാനം. കഴിഞ്ഞവര്‍ഷം ജൂലായെ അപേക്ഷിച്ച് ജമ്മു കാശ്മീരിന്റെ വളര്‍ച്ച പൂജ്യം ശതമാനം. ബീഹാര്‍, ത്രിപുര, ഡാമന്‍ ഡിയു എന്നിവ നെഗറ്റീവ് വളര്‍ച്ചയും രേഖപ്പെടുത്തി.

◼️ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യമായി ഒരു നേപ്പാളി ചിത്രം. ചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപ്പാളി ചിത്രമായ പ്രേം ഗീത് 3 ഹിന്ദിയിലും നേപ്പാളി ഭാഷയിലുമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്. നേപ്പാളി സിനിമയിലെ സൂപ്പര്‍താരം പ്രദീപ് ഖഡ്കയാണ് ചിത്രത്തിലെ നായകന്‍. പ്രേം ഗീത് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണിത്. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രദീപ് തന്നെയായിരുന്നു നായകന്‍. ക്രിസ്റ്റീന ഗുരുംഗ് ആണ് നായിക. ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ വരവ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. റിലീസ് തീയതിയും ട്രെയ്ലര്‍ റിലീസ് തീയതിയും പോസ്റ്ററില്‍ ഉണ്ട്. സെപ്റ്റംബര്‍ 23 നാണ് ചിത്രത്തിന്റെ റിലീസ്. ട്രെയ്ലര്‍ സെപ്റ്റംബര്‍ 1 നും എത്തും. പ്രദീപ് ഖഡ്ക, ക്രിസ്റ്റീന ഗുരുംഗ് എന്നിവര്‍ക്കൊപ്പം ശിവ ശ്രേഷ്ഠ, മാവോത്സെ ഗുരുംഗ്, സുനില്‍ ഥാപ്പ, മനീഷ് റാവത്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

◼️ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്ത വിശുദ്ധ മെജോയിലെ വീഡിയോ ഗാനം പുറത്തെത്തി. ആറാം നാള്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. വിപിന്‍ ലാല്‍, മീര ജോണി, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഡിനോയ് പൌലോസ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു.

◼️റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുപുത്തന്‍ മോഡലായ ഹണ്ടര്‍ 350 ആഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയിലെത്തും. ഒന്നരലക്ഷം രൂപ മുതല്‍ 1.70 ലക്ഷം രൂപവരെ റേഞ്ചിലാണ് വില പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയില്‍ നിലവിലെ ഏറ്റവും കുറഞ്ഞവിലയുള്ള മോഡലായിരിക്കും ഹണ്ടര്‍ 350. ബുള്ളറ്റ് 350, ഹിമാലയന്‍ 450, സൂപ്പര്‍ മെറ്റീയര്‍ 650, ഷോട്ട്ഗണ്‍ 650 റോഡ്സ്റ്റര്‍, കെ.എക്സ്.ബോബര്‍ എന്നീ മോഡലുകളും വൈകാതെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചേക്കും.

◼️പ്രണയം ഒരു കവാടമാണ്. നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്നു ചിന്തിക്കാതെ ആ കവാടത്തില്‍ പ്രവേശിക്കുന്നു. നിങ്ങളാരാണെന്നോ എന്തായിത്തീരുമെന്നോ നിങ്ങള്‍ ചിന്തിക്കുന്നില്ല. ശിഥിലീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും കഥയാണിത്. അച്ഛനും മകളും… സ്ത്രീയും പുരുഷനും… അമ്മയും മകളും… രണ്ടായി വിഭജിക്കപ്പെട്ട നാടുകളിലെ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍.. തുര്‍ക്കി സാഹിത്യത്തില്‍ അനിഷേധ്യസ്ഥാനം വഹിക്കുന്ന ഡെ സുമന്റെ ഹൃദയസ്പര്‍ശിയായ നോവല്‍. വിവര്‍ത്തനം: കെ.വി. തെല്‍ഹത്ത്. ‘വേനല്‍ചൂട്’. ഡിസി ബുക്സ്. വില 456 രൂപ.

◼️എന്തെങ്കിലും പിടിക്കാനുള്ള കൈകളുടെ കരുത്തിന്റെ അഭാവം കുറഞ്ഞ ആയുര്‍ദൈര്‍ഘ്യത്തിന്റെയും സൂചനയാകാമെന്ന് ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ചിലപ്പോള്‍ ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്ന് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൈപിടുത്തത്തിന്റെ കരുത്ത് കുറയുന്നത് പേശികളുടെ കുറഞ്ഞ ആരോഗ്യത്തിന്റെ സൂചനയാണെന്നും ഇവയും മരണസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിയന്ന സര്‍വകലാശാലയിലെ ഗവേഷകരായ സോണ്‍ജ സ്പിറ്റ്സറും നാദിയ സ്റ്റൈബറും ചേര്‍ന്നാണ് കൈപിടുത്തതിന്റെ കരുത്തിനെ സംബന്ധിച്ച പഠനം നടത്തിയത്. ഒരു ഡൈനമോമീറ്റര്‍ ഇരു കൈകള്‍ കൊണ്ടും ഞെക്കിക്കൊണ്ടാണ് കൈക്കരുത്ത് ഗവേഷകര്‍ അളന്നത്. ഒരാള്‍ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ലഭിക്കുന്ന റീഡിങ്ങില്‍ വ്യത്യാസമുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ലിംഗപദവി, പ്രായം, വ്യക്തിയുടെ ഉയരം എന്നിവയെല്ലാം കൈപിടുത്തത്തിന്റെ കരുത്തിനെ നിര്‍ണയിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദമൊക്കെ അളക്കുന്നതിന് സമാനമാണ് ഇത്. ഒരു മിനിമം മൂല്യത്തിന് താഴേക്ക് കൈപിടുത്തതിന്റെ കരുത്ത് പോയാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സമയമായതായി രോഗിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൈപിടുത്തത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനുള്ള പരിശീലനം നടത്തിയതുകൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമെന്ന് കരുതേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 78.58, പൗണ്ട് – 95.86, യൂറോ – 80.35, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.46, ബഹറിന്‍ ദിനാര്‍ – 208.45, കുവൈത്ത് ദിനാര്‍ -256.37, ഒമാനി റിയാല്‍ – 204.38, സൗദി റിയാല്‍ – 20.92, യു.എ.ഇ ദിര്‍ഹം – 21.39, ഖത്തര്‍ റിയാല്‍ – 21.58, കനേഡിയന്‍ ഡോളര്‍ – 61.09.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *