ഇ പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്ന് വര്‍ഷം മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും മുന്നിലെത്തിയതെന്ന് വ്യവസായി കെപി രമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 2019 ല്‍ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി കൊടുത്തിരുന്നു. ബിനീഷ് വിവാദം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാലാണ് ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലേക്ക് എത്താതിരുന്നതെന്ന് പറയപ്പെടുന്നു.
.
2019ല്‍ കെ പി രമേഷ്കുമാര്‍ ആദ്യം പരാതി നൽകിയത് അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്.
റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോടികള്‍ നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി. അന്ന് ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്നങ്ങളും വന്നതിനാല്‍ കോടിയേരിക്ക് അത് ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല. പിന്നീട് രമേഷ്കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. എന്താണ് സംഭവിച്ചെന്നത് മുഖ്യമന്ത്രി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വഷണവും നടത്തി. ഇതിനിടെ രമേഷ്കുമാറുമായി ഇപി ജയരാജന്‍ ചില ഒത്ത്തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതോടെ തുടര്‍നീക്കങ്ങളുണ്ടായില്ല. കോടിയേരിക്ക് അസുഖം കൂടിയതും ചികിത്സക്കായി മാറിനിന്നതും, തെരഞ്ഞടുപ്പും എല്ലാമായി വീണ്ടും കാര്യങ്ങള്‍ നീണ്ട് പോയി. ഒരു തവണ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ പരാതി ഉയര്‍ന്ന് വന്നെങ്കിലും കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.
കോടിയേരിയുടെ മരണശേഷം ഈ പരാതിക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് പരാതിക്കാരന്‍ മറുവഴി തേടിയത്. എം വി ഗോവിന്ദന്‍ സെക്രട്ടറിയായതും, എം വി ഗോവിന്ദനുമായി ഇ പി തെറ്റിയതും വിഷയം ചൂട് പിടിപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തന്നെ ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിറങ്ങിയ പി ജയരാജന് കിട്ടിയ ഏറ്റവും വലിയ ആയുധമായി ഇത് മാറുകയും ചെയ്തു. പാര്‍ട്ടി നേതൃത്വത്തെ ഇ പി ധിക്കരിക്കുന്നുവെന്ന് മനസിലാക്കിയ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പി ജയരാജന് പൂര്‍ണ പിന്തുണ കൊടുത്തതായാണ് വിവരം. മുഖ്യമന്ത്രിയാണ് ഈ വിഷയത്തിൽ ഇനി പ്രതികരിക്കേണ്ടയാൾ.