2025ല്‍ ഇന്ത്യയില്‍ ആദ്യ ആഴ്ച ബോക്സ്ഓഫിസില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയായി മാറി ‘എമ്പുരാന്’. വിക്കി കൗശല്‍ ചിത്രം ‘ഛാവ’യെ പിന്തള്ളിയാണ് ‘എമ്പുരാന്’ മുന്നിലെത്തിയത്. വേള്‍ഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യന്‍ ഡോളറാണ് സിനിമയുടെ ആഗോള കലക്ഷന്‍ (ഏകദേശം 165 കോടി). ആഗോള കലക്ഷനില്‍ ഡിസ്നിയുടെ സ്നോ വൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിങ് മാന്‍ എന്നീ സിനിമകള്‍ക്കു തൊട്ടു പിന്നിലാണ് എമ്പുരാന്. റീസെന്‍സറിങ് വിവാദം വന്നതോടെ കേരളത്തിലും സിനിമയ്ക്കു ടിക്കറ്റ് ഇല്ലാത്ത സാഹചര്യമാണ്. അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതല്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളില്‍ കലക്ഷന്‍ ലഭിച്ചു. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തില്‍ നിന്നും ലഭിച്ചത് 14 കോടി. രണ്ടാം ദിവസം: 8.45 കോടി. മൂന്നാം ദിവസം: 9.02 കോടി. നാലാം ദിനം: 11 കോടി. അഞ്ചാം ദിനം ചിത്രം കേരളത്തില്‍ നിന്നു മാത്രം 50 കോടി വാരിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം കലക്ഷന്‍ ലഭിക്കുന്ന സിനിമയുടെ പട്ടികളില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് എമ്പുരാന്. ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന് ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടി ക്ലബില്‍ കയറിയത്.
‘എമ്പുരാന്’ ആഗോള കലക്ഷന്‍ 19 മില്യന്‍ ഡോളര്‍!
