ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് മുൻകൂർ ജാമ്യം. മൊബൈൽ ഫോണും പാസ്‍പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം, സോഷ്യൽ മീഡിയയിൽ പ്രകോപന പരമായ പോസ്റ്റിടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഭാരവാഹികളെ നിയോഗിക്കുന്നതും ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് ഖാര്‍ഗെയുടെ മുന്നിലുള്ള മുഖ്യമായ വെല്ലുവിളി. ഒരാള്‍ക്ക് ഒരു പദവി, യുവതലമുറയ്ക്കു കൂടുതല്‍ പ്രാതിനിധ്യം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചേക്കും.
ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും, പരാതിക്കാരിയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. അറസ്റ്റു ചെയ്താല്‍ ഉടന്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കണമെന്നും അന്നുതന്നെ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷി കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പൊലീസിനു നല്‍കിയ മൊഴിയാണ് ശരിയെന്ന് കോടതിയില്‍ സമ്മതിച്ചു. പ്രതികളെ പേടിച്ചാണ് നേരത്തെ മൊഴിമാറ്റിയതെന്നും മാപ്പു ചോദിക്കുന്നുവെന്നും കക്കി കോടതിയില്‍ പറഞ്ഞു.
നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കി. യുവതി നിരവധി കേസുകളിലെ പ്രതിയാണെന്നും മറുപടിയിലുണ്ട്. മറുപടി പരിശോധിച്ച് നേതാക്കളുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
ഫിഷറീസ് വകുപ്പിലെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥിയായ യുവതിയോട് കോഴ ആവശ്യപ്പെടുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തു. ഫിഷറീസ് ഓഫീസര്‍ സുജിത് കുമാറിനെയാണു സസ്‌പെന്‍ഡു ചെയ്തത്.
രണ്ടു മാസം മുമ്പ് കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികന്‍ വിഷ്ണുവിനേയും സഹോദരന്‍ വിഘ്നേഷിനേയും മര്‍ദിച്ച് വിരലുകളൊടിച്ചശേഷം കള്ളക്കേസെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി വന്നേക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദിനോട് ചുമതലകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ തിരുവനന്തപുരം ഐജി നിര്‍ദേശിച്ചു. പോലീസിന്റെ അതിക്രമംമൂലം വിഘ്നേഷിന് ജോലിക്കുള്ള ഫിസിക്കല്‍ ടെസ്റ്റും വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പൊലീസിന്റെ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.
നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടെ കര്‍ഷകര്‍ നെല്ലുമേന്തി ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്കു മാര്‍ച്ചു നടത്തി പ്രധാന കവാടം ഉപരോധിച്ചു. മന്ത്രിമാരെ വഴിതടയുന്നത് ഉള്‍പ്പെടെ സമരപരിപാടികള്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. സംഭരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനാല്‍ നെല്ല് പാടശേഖരങ്ങളില്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനു സാമൂഹ്യ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും ആശംസ നേര്‍ന്നു. പക്ഷാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. പിറന്നാള്‍ ആഘോഷം കുടുംബാംഗങ്ങള്‍ മാത്രമായി ഒതുക്കി.