സ്ത്രീകളുടെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. അമ്പതുകളിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. നാല്‍പതുകളില്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ആര്‍ത്തവ വിരാമത്തെ ഫലപ്രദമായി നേരിടുന്നതിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. ശാരീരികമായും മാനസികമായി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വയം പരിചരിക്കാന്‍ സമയം കണ്ടെത്തണം. താല്‍പര്യങ്ങള്‍ കണ്ടെത്തി അതില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മാനസികമായ സമ്മര്‍ദ്ദം കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമങ്ങള്‍ നിത്യവും ചെയ്യുന്നത് നല്ലതാണ്. ഇവ സ്ത്രീകളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. യോഗ, എയറോബിക് വ്യായാമങ്ങള്‍, സ്ട്രെങ്ത് ട്രെയിനിങ് തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറി, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ കൂടാതെ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാല്‍സ്യം വൈറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ കരുത്ത് നിലനിര്‍ത്തും. കഫൈന്‍, എരിവും മദ്യവും പരിമിതപ്പെടുത്തണം. ആര്‍ത്തവവിരാമം ശരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കും. ശരീരത്തിന് കൂടുതലായി ഉഷ്ണം അനുഭവപ്പെടാം. കൃത്യമായ ഉറക്ക സമയങ്ങള്‍ പിന്തുടരുന്നതും സുഖകരമായ താപനില അടക്കമുള്ളവ ഉറക്ക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതും നിലവാരമുള്ള ഉറക്കം തരും. ഇടയ്ക്കിടയ്ക്ക് ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിന് ആരോഗ്യ പരിശോധനകള്‍ ഗുണം ചെയ്യും. മൂഡ് മാറ്റങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ മാനസികരോഗ വിദഗ്ധനെ സമീപിക്കാന്‍ മടിക്കരുത്.