എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.