ഓരോ തവണയും പ്രധാന ഭക്ഷണത്തിന് 30 മിനിറ്റ് മുന്‍പ് 20 ഗ്രാം ആല്‍മണ്ട് കഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന ഗ്ലൂക്കോസ് വര്‍ധനവിനെ നിയന്ത്രിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലൂക്കോസിന്റെ മാത്രമല്ല ഇന്‍സുലിന്‍, സി-പെപ്‌റ്റൈഡ് തോത് മെച്ചപ്പെടുത്താനും ഭക്ഷണത്തിന് മുന്‍പ് ബദാം കഴിക്കുന്നത് സഹായിക്കുമെന്ന് ഇന്ത്യക്കാരില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്ക് മുന്‍പ് 20 ഗ്രാം അല്ലെങ്കില്‍ 17-18 ബദാമുകളാണ് ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള 60 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ 27 പേര്‍ പുരുഷന്മാരും 33 പേര്‍ സ്ത്രീകളുമായിരുന്നു. പ്രമേഹബാധിതര്‍, അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചവര്‍, പാന്‍ക്രിയാറ്റിറ്റിസ്, കിഡ്‌നി, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍, ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിച്ചവര്‍, നട്‌സ് അലര്‍ജിയുള്ളവര്‍, അനിയന്ത്രിതമായ ഹൈപ്പര്‍ടെന്‍ഷനും ഹൈപോതൈറോയ്ഡിസവും ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ ഗവേഷണ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രധാന ഭക്ഷണത്തിന് മുന്‍പ് ബദാം കഴിക്കുന്നത് ഇന്‍സുലിന്‍ നേരത്തെ തന്നെ ശരീരം ഉത്പാദിപ്പിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ബദാമിലെ ഫൈബര്‍, കൊഴുപ്പ് തോതും ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള ആഗീരണത്തെ തടയും. ബദാമിലെ സിങ്കും മഗ്‌നീഷ്യവും അഡിപോസ് കോശങ്ങളിലെ ടൈറോസൈന്‍ കീനേസ് റിസപ്റ്ററിനെ ഉത്തേജിപ്പിക്കുന്നത് ഇന്‍സുലിന്‍ സംവേദനത്വവും മെച്ചപ്പെടുത്തും. ബദാമിലെ ഉയര്‍ന്ന തോതിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡിന്റെ അളവും ഇന്‍സുലിന്‍ സംവേദനത്വത്തെ വര്‍ധിപ്പിക്കും. ബദാം പച്ചയ്ക്ക് അതിന്റെ തൊലിയോട് കൂടി കഴിക്കണമെന്ന് ഈ ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. ബദാം വെള്ളത്തിലിടുന്നത് അതിലെ ആന്റിഓക്‌സിഡന്റുകളുടെ അളവും പോഷണമൂല്യവും കുറയ്ക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.